ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ കുതിപ്പിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭൂതപൂർവമായ പുരോഗതിയിലൂടെയാണ് ഭാരതം കടന്നുപോകുന്നതെന്നും ഇന്ത്യ കൂടുതൽ സ്വയംപര്യാപ്തമാകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്കാലത്തെയും വലിയ ഉത്പാദനമാണ് കഴിഞ്ഞ ദശകത്തിൽ ഉണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രതിരോധ നിർമാണ മേഖലയിലെ ആഗോള ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇതിനായി ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ കേന്ദ്രം പ്രതിജ്ഞബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതി പുതിയ ഉയരങ്ങളിലെത്തുകയാണെന്നും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.27 ലക്ഷം കോടി രൂപയെന്ന റെക്കോഡ് നിരക്കിലെത്തിയെന്നുമുള്ള പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദി അഭിനന്ദനമറിയിച്ചത്.
Very encouraging development. Compliments to all those who have contributed to this feat. We are fully committed to nurturing a supportive environment to further enhance our capabilities and establish India as a leading global defence manufacturing hub. This will enhance our… https://t.co/ddNvNzPFKD
— Narendra Modi (@narendramodi) July 5, 2024
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 16.8 ശതമാനത്തിന്റെ വളർച്ചയാണ് പ്രതിരോധ മേഖല കൈവരിച്ചത്. കയറ്റുമതിയിലും രാജ്യം കുതിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 21,083 കോടി രൂപയുടെ കയറ്റുമതിയാണ് നടത്തിയത്. 32.5 ശതമാനത്തിന്റെ വളർച്ചയാണ് മേഖലയിൽ രേഖപ്പെടുത്തിയത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 35,000 കോടി രൂപയുടെ കയറ്റുമതി ഉൾപ്പടെ 1,7500 കോടി രൂപയുടെ ഉത്പാദനമാണ് ലക്ഷ്യം വയ്‌ക്കുന്നതെന്നും രാജ്നാഥ് സിംഗ് സൂചിപ്പിച്ചു.