ചണ്ഡീഗഡ്: ശിവസേന നേതാവിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ശിവസേന നേതാവ് സന്ദീപ് താപറിനെയാണ് അരിവാളുമായെത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. ഇന്നലെയായിരുന്നു ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലുധിയാന സ്വദേശികളായ സരബ്ജിത് സിംഗ്, ഹർജോത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്ദീപ് താപർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ അപകടനില തരണം ചെയ്തതായി ലുധിയാന ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജസ്കരൻ സിംഗ് അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കനത്ത സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ലുധിയാനയിലും പരിസരപ്രദേശത്തും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേസിലെ മൂന്നാം പ്രതിയായ തഹൽ സിംഗ് ഒളിവിലാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.