തിരുവനന്തപുരം: പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത ഭരണകക്ഷി നേതാവിന്റെ മകനെ തടഞ്ഞ ട്രാഫിക് വാർഡനെ പുറത്താക്കി. കുടുംബശ്രീ വഴി ജോലി ചെയ്യുന്ന കുറ്റിച്ചൽ സ്വദേശി ബിസി അരുണിനെയാണ് കാരണമില്ലാതെ ജോലിയിൽ നിന്ന് പുറത്താക്കിയത്. മെഡിക്കൽ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിലാണ് നിയമം ലംഘിച്ചുകൊണ്ട് ഭരണകക്ഷി നേതാവിന്റെ മകൻ വാഹനം പാർക്ക് ചെയ്തത്.
കഴിഞ്ഞ മാസം 18-നാണ് സംഭവം നടന്നത്. ആശുപത്രിക്ക് മുന്നിൽ വാഹനം നിർത്തിയതോടെ ആംബുലൻസുകൾക്ക് തടസമുണ്ടായി. ഇതാണ് ട്രാഫിക് വാർഡനായ അരുൺ ചോദ്യം ചെയ്തത്. തുടർന്ന് വാക്കുതർക്കമുണ്ടാവുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രാദേശിക ഡിവൈഎഫ്ഐ നേതാക്കൾ ആശുപത്രിയിലെ സെക്യൂരിറ്റി ഓഫിസിന് മുന്നിലെത്തി വധഭീഷണി മുഴക്കി. ഇതിന് പിന്നാലെയാണ് അരുണിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
ആശുപത്രി അധികൃതർ രേഖാമൂലം അറിയിപ്പ് നൽകാതെയാണ് തന്നെ പുറത്താക്കിയതെന്ന് അരുൺ പറഞ്ഞു. ജില്ലാ ലേബർ ഓഫിസർ, മെഡിക്കൽ കോളജ് പൊലീസ് സ്‌റ്റേഷൻ, മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. താത്കാലിക ജീവനക്കാരനായ അരുണിന് ജോലിയുടെ കാലാവധി അവസാനിക്കാൻ മൂന്ന് മാസം ബാക്കി നിൽക്കെയാണ് പിരിച്ചുവിട്ടത്.