കോഴിക്കോട്: എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ. പൊലീസ് സാന്നിധ്യത്തിലാണ് കോളേജിന് മുന്നിൽ പ്രതിഷേധം നടന്നത്. ഇവിടെ വച്ച് നടത്തിയ ഭീഷണി പ്രസംഗത്തിൽ പൊലീസ് നടപടികൾ സ്വീകരിച്ചില്ല. പൊലീസ് സ്വമേധയാ നടപടികൾ സ്വീകരിക്കാത്തതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്‌കർ അറിയിച്ചു.
എസ്എഫ്‌ഐ ഏരിയ പ്രസിഡന്റിനെ മർദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു എസ്എഫ്‌ഐ പ്രവർത്തകർ കോളേജിലേക്ക് മാർച്ച് നടത്തിയത്. ഇതിനിടയിൽ കോളേജ് പ്രിൻസിപ്പലിനെതിരെ ഏരിയ പ്രസിഡന്റ് ഭീഷണി മുഴക്കുകയായിരുന്നു. നേരത്തെ പ്രിൻസിപ്പലിനെ, ഏരിയ പ്രസിഡന്റ് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
എന്നാൽ ഈ കേസുകളിൽ നടപടി സ്വീകരിക്കാതെ എസ്എഫ്ഐ നൽകിയ കേസിൽ പൊലീസ് പ്രിൻസിപ്പലിനെ ചോദ്യം ചെയ്യാൻ വിളിച്ചത് വിമർശനത്തിന് വഴിവെച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകാനാണ് നിർദേശം. എസ്എഫ്ഐക്ക് ഒത്താശ ചെയ്യുന്ന പൊലീസിന്റെ നീക്കത്തിന് പ്രത്യക്ഷമായ ഉദാഹരണമാണിതെന്ന് ആയിരുന്നു വിമർശനം. ഈ സാഹചര്യത്തിലാണ് നീതി തേടി ഹൈക്കോടതിയെ സമീപിക്കാൻ പ്രിൻസിപ്പൽ ഒരുങ്ങുന്നത്.