ഡിഫൻഡർ നിരകളിൽ ഏറ്റവും ശക്തമായ ലാൻഡ് റോവർ ഡിഫൻഡർ ഒക്ട ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. 4.4 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനുള്ള ഒക്ടയുടെ എക്സ് ഷോറൂം വില ഇന്ത്യയിൽ ആരംഭിക്കുന്നത് 2.65 കോടി രൂപ മുതലാണ്. വാഹനത്തിന്റെ ഒരു പ്രത്യേക പതിപ്പും കമ്പനി പുറത്തിറക്കുന്നുണ്ട്. ലോഞ്ച് കഴിഞ്ഞ് ഒരു വർഷത്തേക്ക് മാത്രമായിരിക്കും ഈ എഡിഷൻ വിൽക്കുക. ഈ മോഡലിന് 2.85 കോടി രൂപയാണ് എക്സ്-ഷോറൂം വില. പുതിയ ഡിഫൻഡർ ഒക്ടയുടെ ബുക്കിംഗ് ഈ മാസം ആരംഭിക്കുമെങ്കിലും ഡെലിവറികൾ ഈ വർഷം അവസാനത്തോടെ മാത്രമായിരിക്കും നടക്കുക.
വരുന്ന ഗുഡ്‌വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ ഒക്ട എസ്‌യുവി പ്രദർശിപ്പിക്കും. ഡിഫൻഡർ 110 അടിസ്ഥാനമാക്കിയുള്ളതാണ് ഡിഫൻഡർ ഒക്ട. എന്നാൽ മികച്ച ഡൈനാമിക്സ്, മെച്ചപ്പെട്ട ഓഫ്-റോഡ് ശേഷി, ഒരു പുതിയ സസ്പെൻഷൻ സജ്ജീകരണം, ചേസിസിലേക്കുള്ള അപ്ഡേറ്റുകൾ, കൂടാതെ ഓഫ്-റോഡ് ഫോക്കസ്ഡ് എക്സ്റ്റീരിയർ ഘടകങ്ങൾ എന്നിവയിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഡിഫൻഡർ ഒക്ടയുടെ ബുക്കിംഗ് ജൂലൈ രണ്ടാം വാരത്തിൽ ആരംഭിക്കും. പെട്ര കോപ്പർ, ഫാറോ ഗ്രീൻ, കാർപാത്തിയൻ ഗ്രേ, ചാരെന്റെ ഗ്രേ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളാണ് വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ, പെട്ര കോപ്പർ, ഫാറോ ഗ്രീൻ എന്നിവ രണ്ട് എക്‌സ്‌ക്ലൂസീവ് പ്രീമിയം മെറ്റാലിക് ഫിനിഷുകളാണ്. ലിമിറ്റഡ് റൺ- ഡിഫൻഡർ ഒക്ട എഡിഷൻ വൺ മോഡലിന് മാത്രമാണ് ഫറോ ഗ്രീൻ നിറം ലഭിക്കുക.















