ചെന്നൈ : കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കള്ളക്കുറിച്ചി ദുരന്തത്തിൽ മരിച്ച 65 പേരുടെ കുടുംബങ്ങൾക്ക് എങ്ങനെ 10 ലക്ഷം രൂപ വീതം നൽകാൻ തമിഴ്‌നാട് സർക്കാരിനാകുമെന്ന് കോടതി ചോദിച്ചു .വ്യാജമദ്യം കുടിച്ചവർക്കല്ലാതെ ഏതെങ്കിലും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അത്തരമൊരു നഷ്ടപരിഹാരം നൽകുന്നത് സർക്കാറിന്
ന്യായീകരിക്കാം. തുക വളരെ കൂടുതലാണെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആർ മഹാദേവൻ , ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരം കേസുകളിൽ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. അതിനാൽ തീരുമാനം പുനഃപരിശോധിക്കാനും മറ്റ് സംവിധാനങ്ങൾ കണ്ടെത്താനും കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനം പ്രഖ്യാപിച്ച നഷ്ടപരിഹാരം പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്‌ക്കകം നിർദേശം നൽകണമെന്ന് സർക്കാർ അഭിഭാഷകനോട് ബെഞ്ച് നിർദേശിച്ചു.
വിഷമദ്യ ദുരന്തത്തിൽ മരിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതിനെതിരെ വെൽഫെയർ പാർട്ടി സെക്രട്ടറി മുഹമ്മദ് ഗൗസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
കള്ളക്കുറിച്ചിയിൽ മരിച്ചവർ സ്വാതന്ത്ര്യ സമര സേനാനികളോ സാമൂഹിക ലക്ഷ്യത്തിനായി മരിച്ചവരോ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ സ്വദേശി എ. മുഹമ്മദ് ഗൗസ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.പൊതുപണത്തിൽ നിന്ന് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നൽകുന്നത് തടയണമെന്നാണ് ആവശ്യം.