പ്രേക്ഷകരുടെ മനസ് പിടിച്ചുലക്കുന്നവയാണ് ബ്ലസി സംവിധാനം ചെയ്ത എല്ലാ സിനിമകളും. ആ നിലയിൽ എടുത്തു പറയേണ്ട ഒരു ചിത്രമാണ് ദിലീപും മീരാ ജാസ്മിനും പ്രധാന കഥാപാത്രങ്ങളായ ‘കൽക്കട്ടാ ന്യൂസ്’. കൊൽക്കത്താ നഗരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ സിനിമയിൽ പ്രധാന ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തത് റെഡ് സ്ട്രീറ്റിലാണ്. അവിടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ ഉണ്ടായ ഒരു അനുഭവം തുറന്നുപറയുകയാണ് ബ്ലെസി. റെഡ് സ്ട്രീറ്റിൽ ഒരു മലയാളി പെൺകുട്ടിയുടെ സാന്നിധ്യം തന്നെ ദുഃഖത്തിലാഴ്‌ത്തിയെന്ന് സംവിധായകൻ പറയുന്നു.
“കൽക്കട്ട ന്യൂസിന്റെ ഒരു ഭാഗം ചിത്രീകരിച്ചത് റെഡ് സ്ട്രീറ്റിൽ ആയിരുന്നു. നമ്മൾ എത്രത്തോളം സൗഭാഗ്യത്തിലാണ് ജീവിക്കുന്നത് എന്നുള്ള തിരിച്ചറിവ് കിട്ടുന്നത് ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴാണ്. സ്വാതന്ത്ര്യം, ഭക്ഷണം എന്നിങ്ങനെയെല്ലാം ദരിദ്രൻ ആണെങ്കിൽ പോലും നമുക്ക് ജീവിതത്തിൽ ലഭിക്കുന്നുണ്ടല്ലോ. എന്നാൽ ഇതിന്റെയെല്ലാം തടവറയിൽ കഴിയുന്ന കുറെ മനുഷ്യരുണ്ട്. എന്നെ ഏറെ വേദനിപ്പിച്ച ഒരു സംഭവം അവിടെ ഉണ്ടായി”.
“ഒരു മലയാളം മാഗസിനിൽ ഒരു പേപ്പർ കൊടുത്തു വിട്ടിരിക്കുന്നു. ദിലീപിന്റെ ഫോട്ടോഗ്രാഫ് വാങ്ങാൻ. ഒരു പേപ്പറാണ് കൊടുത്തു വിട്ടിരിക്കുന്നത്. അതു കൊടുത്തു വിട്ടത് ഒരു മലയാളി പെൺകുട്ടിയാണ്. അവളുടെ മുഖം കാണിക്കാൻ താല്പര്യപ്പെട്ടില്ല. എന്റെ മനസ്സ് അപ്പോൾ വേദനിച്ചു. അവിടെ എന്റെ ഒരു സഹപാഠി ഉണ്ടാകുമോ, എന്റെ അയൽക്കാരിയോ, നാട്ടിൽ നിന്ന് കാണാതായ പെൺകുട്ടി ഉണ്ടാകുമോ എന്നിങ്ങനെയുള്ള ചിന്തയായിരുന്നു എനിക്ക്. ശരീരം വിൽക്കുന്ന ഒരു സ്ത്രീയെ വളരെ മോശമായി കാണുന്ന ഒരു അവസ്ഥ. അത് അവരുടെ തെറ്റല്ല. അവരുടെ സാഹചര്യം കൊണ്ട് ഉണ്ടാകുന്നതാണ്. അറിയാതെ സംഭവിച്ചു പോയ ഒന്നിന്റെ അറിയാതെ സംഭവിച്ചു പോയ ഒന്നിന്റെ തുടർച്ച, ഒരുനേരത്തെ ആഹാരം, ആരുടെയെങ്കിലും അടിമ ഇതെല്ലാം ആയിരിക്കാം അവരെ ഇവിടെ കൊണ്ട് എത്തിച്ചത്. ഇതിന്റെയെല്ലാം ഉത്തരവാദി നമ്മളാണ്”- ബ്ലെസി പറഞ്ഞു.















