ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഗ്വാളിയാർ സ്മാർട്ട് സിറ്റിയാകുന്ന കാഴ്ചയ്‌ക്കാണ് മധ്യപ്രദേശ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഗ്വാളിയാറിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഇത് ജനങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഗ്വാളിയാറിൽ സ്മാർട്ട് സിറ്റി പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി മോഹൻ യാദവിന്റെയും നേതൃത്വത്തിൽ നിരവധി വികസനപ്രവർത്തനങ്ങളാണ് മധ്യപ്രദേശിൽ നടത്തുന്നത്. ഇതിനോടകം 17 പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടുണ്ട്. മധ്യപ്രദേശിന്റെ ചരിത്രവും, പൈതൃകവും, സംസ്‌കാരവും നിലനിർത്തികൊണ്ടുള്ള നവീകരണ പ്രവർത്തനങ്ങളാണ് ഗ്വാളിയാറിൽ നടക്കുക. ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികൾ കേന്ദ്രസർക്കാർ വിഭാവനം ചെയ്യും.”- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
മഴക്കാലത്ത് വിമാനത്താവളങ്ങളിലുണ്ടായ അപകടങ്ങൾ കേന്ദ്രസർക്കാർ ഗൗരവമായി കാണുന്നുണ്ട്. അത്തരം പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഏതൊരു പ്രശ്‌നത്തിനും ഉടനടി പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്താവളങ്ങളുടെ മേൽക്കൂരകളിൽ വരുന്ന തകരാറുകൾ കൃത്യമായി പരിശോധിക്കും. ഗ്വാളിയാർ വിമാനത്താവളത്തിൽ താത്കാലിക പ്രശ്‌നങ്ങളാണുള്ളതെന്നും റോഡും, അഴക്കുചാലുകളും വൃത്തിയാക്കി എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ടെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.















