എറണാകുളം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കാതെ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. റിപ്പോർട്ട് പൂർണമായും പുറത്തുവിടണമെന്ന് സിനിമാ മേഖലയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂസിസി ആവശ്യപ്പെട്ടു.
നടിമാരുൾപ്പെടെ സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നേരിട്ട അനുഭവങ്ങളുമാണ് കമ്മിറ്റി അന്വേഷിച്ചത്. മുൻനിര നായികമാർ മുതൽ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ വരെ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു.
നടിയെ ആക്രമിച്ച കേസിന് പിന്നാലെ ഡബ്ല്യൂസിസി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. തുടർന്നാണ് അന്വേഷണത്തിനായി ഹേമ കമ്മിറ്റി രൂപീകരിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും വേണ്ടിയാണ് കമ്മിറ്റി രൂപീകരിച്ചത്.
2019-ൽ റിപ്പോർട്ട് നൽകിയെങ്കിലും സർക്കാർ പുറത്തുവിട്ടിരുന്നില്ല. സിനിമാ മേഖലയിലെ പല പ്രമുഖർക്കെതിരെ വനിതകൾ പരാതി നൽകിയെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ ആയിരുന്നു സർക്കാർ റിപ്പോർട്ട് പൂഴ്‌ത്തിയത്. തുടർന്ന് ഡബ്ല്യൂസിസിയും മറ്റ് വനിതാ സംഘടനകളും പലതവണ ആവശ്യപ്പെട്ടിട്ടും സ്വകാര്യത കണക്കിലെടുത്താണ് സർക്കാർ റിപ്പോർട്ട് പുറത്തുവിടാതിരുന്നത്.