ചെറിയ ചാറ്റൽ മഴയുണ്ട്, എങ്കിലും പുൽനാമ്പുകളിലൂടെ ഓടികളിച്ചും പരസ്പരം തല്ല് കൂടിയും അവർ അഞ്ച് പേർ.. അവരുടെ കളികൾ ആസ്വദിച്ച് കരുതലായി നിൽക്കുന്ന ഒരമ്മയും. മധ്യപ്രദേശിലെ കുനോ ദേശീയോദ്യനത്തിൽ നിന്ന് പകർത്തിയ മനസിന് കുളിരേകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
ദക്ഷിണ ആഫ്രിക്കയിലെ ത്സാലു കലാഹാരി റിസർവിൽ നിന്നാണ് അഞ്ച് വയസ് പ്രായമുള്ള ഒരു പെൺ ചീറ്റയെ കുനോയിലേക്കെത്തിച്ചത്. ഇവിടെ എത്തിയ അവൾക്ക് ‘ഗാമിനി’ എന്ന പേരും ഇട്ടു. കുനോ ദേശീയോദ്യത്തിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട ഗാമിനി മാർച്ച് 10നാണ് അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇന്ന് അവർ ആറ് പേരും ഇന്ത്യയിലെ കാലാവസ്ഥയിൽ ഇണങ്ങി ജീവിക്കുകയാണ്.
Cheetah Gamini with her 5 five cubs today morning enjoying the rain in Kuno National Park.
📹Together, they weave a timeless tale of familial harmony amidst nature’s seasonal embrace. pic.twitter.com/25ZUpLSLHd
— Bhupender Yadav (@byadavbjp) July 5, 2024
മഴ പെയ്യുമ്പോൾ അഞ്ച് കുഞ്ഞുങ്ങളും ഓടികളിക്കുകയും പരസ്പരം കടികൂടുകയും ചെയ്യുന്ന ദൃശ്യങ്ങൾ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവാണ് പങ്കുവച്ചത്. മക്കളുടെ കുസൃതികൾ കണ്ട് കിടക്കുന്ന ഗാമിനിയെയും ദൃശ്യങ്ങളിൽ കാണാം. പരസ്പരം കടികൂടുമ്പോൾ ചീത്ത പറയാനെന്ന വിധം മക്കളുടെ അടുത്തേക്കും ഗാമിനി വരുന്നുണ്ട്. ” ഓരോ കാലാവസ്ഥയോടും ഇണങ്ങി ജീവിച്ച് ഐക്യമാർന്ന ഒരു കുടുംബം അവർ നെയ്‌തെടുക്കുകയാണ്.” എന്ന അടിക്കുറിപ്പോടെയാണ് ഭൂപേന്ദ്ര യാദവ് വീഡിയോ പങ്കുവച്ചത്. ഏതൊരു ജീവി വർഗത്തിനിടയിലും കുടുംബമെന്ന മഹത്തായ ബന്ധം നിലനിൽക്കുന്നുണ്ടെന്നും ചീറ്റകുഞ്ഞുങ്ങളുടെ കളികൾ കാണാൻ നല്ല രസമുണ്ടെന്നുമുള്ള തരത്തിൽ നിരവധി പേരാണ് വീഡിയോയ്‌ക്ക് കമന്റുമായി എത്തിയത്.
ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2022ലാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്. ഗാമിനി 5 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതോടെ ഇന്ത്യയിൽ ജനിച്ച ചീറ്റ കുഞ്ഞുങ്ങളുടെ എണ്ണം 13 ആയി.