ചെന്നൈ: ബ്രിട്ടണിന്റെ 58-ാം പ്രധാനമന്ത്രിയായി അധികാരമേറ്റ കെയ്ർ സ്റ്റാമറിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളുടെ സൗഹൃദവും പങ്കാളിത്തവും വരും വർഷങ്ങളിലും തുടരുമെന്ന് നേതാക്കൾ അറിയിച്ചു. യുകെ പ്രധാനമന്ത്രി കെയ്മർ സ്റ്റാമറിനെ നരേന്ദ്രമോദി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഫോൺ വഴിയായിരുന്നു ഇരുനേതാക്കളും തങ്ങളുടെ രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിനായുള്ള വിഷയങ്ങൾ ചർച്ച ചെയ്തത്.
” ബ്രിട്ടൺ പ്രധാമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കെയ്മർ സ്റ്റാമറിന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങൾ അറിയിച്ചു. ലേബർ പാർട്ടിയുടെ ശ്രദ്ധേയമായ വിജയത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇന്ത്യ-യുകെ നയതന്ത്ര ബന്ധം ദൃഢപ്പെടുത്തുന്നതിനായി വരും വർഷങ്ങളിലും ഇരു നേതാക്കളും പരസ്പരം പ്രവർത്തിക്കും. നിലവിലുള്ള കരാറുകൾ തുടരുന്നത് സംബന്ധിച്ചുള്ള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തിട്ടുണ്ട്.”- പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറയുന്നു.
യുകെയിൽ ഇന്ത്യക്കാർ നൽകിയ സംഭാവനകളെ കുറിച്ചും പ്രധാനമന്ത്രിമാർ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം സഹകരണ മനോഭാവത്തോടെ മുന്നോട്ടു പോകണം. ഇത് രാജ്യങ്ങളുടെ ഐക്യം നിലനിർത്തുന്നതിന് പ്രാധാന്യം നൽകുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ചരിത്രപരമായ ബന്ധമാണുള്ളത്. വരും വർഷങ്ങളിലും ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും മുന്നോട്ട് കൊണ്ടുപോകാനും ശ്രമിക്കുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.















