ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 23ന്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പൊതുബജറ്റ് ലോക്‌സഭയിൽ അവതരിപ്പിക്കും. തുടർച്ചയായി അവതരിപ്പിക്കുന്ന 7-ാം ബജറ്റെന്ന പ്രത്യേകതയുമുണ്ട്. 22ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം 12 വരെ തുടരും. പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. പ്രധാന നയപ്രഖ്യാപനങ്ങൾക്കൊപ്പം ബജറ്റിൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ധനമന്ത്രി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി 1ന് നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. 2019 ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗമായിരുന്നു ഇത്. സംസ്ഥാനങ്ങൾക്ക് പലിശ രഹിത വായ്പയ്‌ക്കായി 75,000 കോടി, റെയിൽവേ വികസന പദ്ധതികൾ തുടങ്ങി പൊതുവായ പ്രഖ്യാപനങ്ങളല്ലാതെ ജനങ്ങൾക്ക് നേരിട്ട് ആനുകൂല്യം ലഭിക്കുന്ന പ്രഖ്യാപനങ്ങൾ ധനമന്ത്രി ഇടക്കാല ബജറ്റിൽ നടത്തിയിരുന്നില്ല. ഏപ്രിൽ ഒന്ന് മുതൽ ജൂലായ് വരെയുള്ള കാലയളവിലേക്കായിരുന്നു ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്.
ലോക്‌സഭയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചത് മോറാർജി ദേശായിയായിരുന്നു. ആ റെക്കോർഡും ഇത്തവണത്തെ ബജറ്റ് അവതരത്തിലൂടെ നിർമ്മല സീതാരാമൻ മറികടക്കും. ഇന്ത്യയുടെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രിയായ നിർമ്മല സീതാരാമൻ ഒരു ഇടക്കാല ബജറ്റ് ഉൾപ്പെടെ ആറ് ബജറ്റുകളാണ് ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്. 2019,2020,2021,2022, 2023 വർഷങ്ങളിലായി അഞ്ച് സമ്പൂർണ ബജറ്റുകളും അവതരിപ്പിച്ചു.















