തിരുവനന്തപുരം: ഹേമ കമ്മീറ്റി റിപ്പോർട്ട് ഇത്രയും കാലം പുഴ്‌ത്തിവെച്ചതിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ മറുപടി നൽകണമെന്ന് സംവിധായകൻ വിനയൻ . റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു കോടി രൂപ ചെലവഴിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് വിനയൻ ചൂണ്ടിക്കാട്ടി. കമ്മീറ്റി റിപ്പോർട്ട് നൽകിയ കാലം മുതൽ തന്നെപോലുള്ള ആളുകൾ പുറത്ത് വിടണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കമ്മിറ്റിക്ക് മുന്നിൽ താൻ മൂന്ന് തവണ മൊഴി നൽകിയതാണ്. ആൾക്കാരുടെ മുന്നിൽ ഷോ കാണിക്കാൻ റിപ്പോർട്ട് ഉണ്ടാക്കിയ പോലെയായിരുന്നു സർക്കാർ നിലപാട്. സാംസ്കാരിക വകുപ്പിന് ആത്മാർത്ഥതയുണ്ടെങ്കിൽ അത് നേരത്തേ പുറത്ത് വിടണമായിരുന്നു.
കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കാൻ ചലച്ചിത്ര അക്കാദമിയെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്. അക്കാദമി നിഷ്പക്ഷമല്ലെന്ന് ഇവിടെ എല്ലാവർക്കും അറിയാം. മലയാള സിനിമയിൽ ദിവ്യൻമാരോ ആൾദൈവങ്ങളോ ഇല്ല, വോട്ട് ബാങ്കും ഇല്ല. പിന്നെ എന്തിനെയാണ് സർക്കാർ ഭയക്കുന്നത്. കമ്മിറ്റി റിപ്പോർട്ടിന്റെ അന്തസ്സത്ത പോലും പുറത്ത് വിടാത്തത് ദുരൂഹമാണെന്നും സർക്കാർ എന്തൊക്കൊയൊ ഒളിക്കാൻ ശ്രമിക്കുന്നതായും വിനയൻ ആരോപിച്ചു.
സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ. അബ്ദുൽ ഹക്കീമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടത്. വിവരാവകാശ നിയമപ്രകാരം വിലക്കെപ്പട്ടവ ഒഴിച്ച് മറ്റൊന്നും മറച്ചുവയ്‌ക്കരുതെന്നും കമ്മിഷൻ നിർദേശിച്ചു. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി.















