അഗർത്തല: ബിജെപിയുടെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിച്ചതായും കേരളത്തിലും പശ്ചിമ ബംഗാളിലും ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്ന ദിവസം ഉടൻ ഉണ്ടാകുമെന്നും ത്രിപുര മുഖ്യമന്ത്രി ഡോ. മാണിക് സാഹ. അഗർത്തലയിലെ ബാർഡോവാലിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ബിജെപിയുടെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിച്ചു. കേരളത്തിലും പശ്ചിമ ബംഗാളിലും ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്ന ദിവസം ഉടൻ ഉണ്ടാകും”, മാണിക് സാഹ പറഞ്ഞു . പശ്ചിമ ബംഗാളിൽ ബിജെപിയുടെ റാലികൾ തടഞ്ഞുകൊണ്ടുള്ള മമതാ സർക്കാറിന്റെ നടപടിയെയും സാഹ വിമർശിച്ചു. ബിജെപി വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട് ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്നും ജനങ്ങളുടെ ക്ഷേമത്തിനായുള്ള ബി ജെ പി യുടെ ശ്രമങ്ങളിൽ സർക്കാർ കൈക്കടത്തരുതെന്നും സാഹ ആവശ്യപ്പെട്ടു. സർക്കാരിന്റെ വികസന സംരംഭങ്ങൾ മൂലമാണ് ഒഡിഷയിൽ ബിജെപി വിജയം നേടിയതെന്നും ഈ വിജയം കേരളത്തിലും പശ്ചിമ ബംഗാളിലും ആവർത്തിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ വിജയിപ്പിച്ച എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നതായും സാഹ പറഞ്ഞു. ” ജനാധിപത്യത്തിൽ പൊതുജനങ്ങളുടെ അനുഗ്രഹമാണ് ഏറ്റവും വലിയ നേട്ടം. അടുത്തിടെ സമാപിച്ച ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ഭാരതീയ ജനതാ പാർട്ടി സ്‌ഥാനാർഥികളെ വിജയിപ്പിച്ച എല്ലാ വോട്ടര്മാര്ക്കും നന്ദി,” സാഹ എക്‌സിൽ കുറിച്ചു.