സൂറത്ത് : സൂറത്തിൽ കനത്ത മഴയെത്തുടർന്ന് ബഹുനില കെട്ടിടം തകർന്നു. സൂറത്തിലെ സച്ചിൻ ജിഐഡിസി ഏരിയയിൽ സ്‌ഥിതിചെയ്യുന്ന 5 നില കെട്ടിടമാണ് തകർന്നത്. കെട്ടിടം 2017 ൽ പണികഴിച്ചതാണെന്ന് കരുതപ്പെടുന്നു. സംഭവത്തിൽ 15 ഓളം പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്‌ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് ആളുകളെ നിലവിൽ ഒഴിപ്പിക്കുകയാണ്.
പണിതുയർത്തി ഏഴ് വർഷത്തിനുള്ളിലാണ് കെട്ടിടം തകർന്ന് വീണതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.















