സിംബാബ്‌വെക്കെതിരായ ടി 20 പരമ്പരയിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി. ഇന്ത്യ 19.5 ഓവറിൽ 102 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 13 റൺസിനാണ് സിംബാബ്‌വെയുടെ ജയം. സീനിയർ താരങ്ങൾക്ക് വിശ്രമമനുവദിച്ച മത്സരത്തിൽ ശുഭ്മാൻ ഗില്ലിന്റെ യുവനിര സിംബാബ്‌വെ ബൗളർമാർക്ക് മുന്നിൽ അടിയറവ് പറയുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. 3 വിക്കറ്റെടുത്ത നായകൻ സിക്കന്ദർ റാസയും ടെൻഡായ് ചതാരയുമാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. 31 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ.
116 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് മോശം തുടക്കമായിരുന്നു. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച അഭിഷേക് ശർമ്മ ഡക്കായി മടങ്ങി. ക്രീസിൽ നിലയുറപ്പിച്ച ഋതുരാജ് ഗെയ്ക്വാദ്- ശുഭ്മാൻ ഗിൽ സഖ്യം മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. നാലാം ഓവറിൽ 7 റൺസുമായി ഋതുരാജ് പുറത്തായി. മുസർബാനിക്കായിരുന്നു വിക്കറ്റ്. പിന്നാലെ ക്രീസിലെത്തിയ റിയാൻ പരാഗും (2) മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. ഉടൻ തന്നെ റിങ്കു സിംഗും (0) മടങ്ങിയതോടെ ഇന്ത്യ 21-ന് 4 വിക്കറ്റെന്ന നിലയിലേക്ക് കൂപ്പുകുത്തി. അരങ്ങേറ്റക്കാരൻ ധ്രുവ് ജുറേലിനും(7) അധികം ആയുസണ്ടായില്ല. വാഷിംഗ്ടൺ സുന്ദറിന്റെ(27) ചെറുത്ത് നിൽപ്പാണ് സ്‌കോർ 100 കടത്തിയത്. രവി ബിഷ്‌ണോയി,(9) ആവേശ് ഖാൻ(16), മുകേഷ് കുമാർ എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. സിംബാബ്‌വെയ്‌ക്കായി ബ്രയാൻ ബെന്നറ്റ്, ബ്ലെസ്സിങ് മുസറബനി, ലൂക്ക് ജോങ്വെ, വെല്ലിംഗ്ടൺ മസാക്കദ്സ എന്നിവർ ഓരോ വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയുടെ ഇന്നിംഗ്സ് 115 റൺസിൽ അവസാനിച്ചിരുന്നു. രവി ബിഷ്ണോയ് 4 വിക്കറ്റ് വീഴ്‌ത്തി. നാലോവറിൽ 13 റൺസ് മാത്രം വിട്ടുനൽകിയാണ് ബിഷ്‌ണോയ് നാലുപേരെ മടക്കിയത്. ക്ലൈവ് മദാൻഡെ(29) ആണ് സിംബാബ്‌വെയുടെ ടോപ് സ്‌കോർ. ബ്രയാൻ ബെന്നറ്റ് (23) ഡിയോൺ മയേഴ്‌സ്( 23), സിക്കന്ദർ റാസ (17 ), വെസ്ലീ മദീവരെ(21) എന്നിവരാണ് ആതിഥേയരിൽ രണ്ടക്കം കടന്നത്.