സുക്മ: ഛത്തീസ്ഗഡിലെ സുക്മയിൽ അഞ്ച് നക്സലേറ്റുകൾ കീഴടങ്ങി. പൊള്ളയായതും മനുഷ്യത്വരഹിതവുമായ പ്രത്യയശാസ്ത്രത്തിലാണ് ഇതുവരെ പ്രവർത്തിച്ചതെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയതെന്ന് നക്സലുകൾ പ്രതികരിച്ചു.തലയ്‌ക്ക് ലക്ഷങ്ങൾ വിലയുള്ളവരാണ് സിആർപിഎഫിനും പോലീസിനും മുന്നിൽ കീഴടങ്ങിയത്.
നക്സലുകൾക്കായുള്ള പുനരധിവാസ പദ്ധതിയിൽ ആകൃഷ്ടരായാണ് ഇവർ ആയുധം ഉപേക്ഷിച്ചതെന്ന് അധികൃതർ പറയുന്നു. മാതൃഭാഷയായ ഗോണ്ടി യിൽ ‘പുതിയ പ്രഭാതം’ എന്നർത്ഥം വരുന്ന ‘പുന നർകോം’ എന്ന പുനരധിവാസ പദ്ധതി സുക്മ പൊലീസ് ആരംഭിച്ചിരുന്നു.
കീഴടങ്ങിയ നക്‌സലൈറ്റുകളിൽ രണ്ട് പേർ തലയ്‌ക്ക് മൂന്ന് ലക്ഷം രൂപ വിലയുള്ളവരാണ് . മറ്റു നക്‌സലുകളായ കർതം സുക്ക എന്ന ഹദ്മ യ്‌ക്ക് രണ്ട് ലക്ഷം രൂപയും സിയാം ബദ്രയ്‌ക്ക് ഒരു ലക്ഷം രൂപയും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. അതേസമയം സിന്ദുർഗുഡ റവല്യൂഷണറി പാർട്ടി കമ്മിറ്റി അംഗമായ മഡ്കം ഹദ്മ തോക്കുമായാണ് കീഴടങ്ങിയതെന്നും പൊലീസ് അറിയിച്ചു. കീഴടങ്ങിയ നക്സലൈറ്റുകൾക്ക് സംസ്ഥാന സർക്കാരിന്റെ കീഴടങ്ങൽ പുനരധിവാസ നയപ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.















