കോഴിക്കോട്: കെഎസ്ഇബി ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ ഉത്തരവ്. കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകരുടേതാണ് ഉത്തരവ്. തിരുവമ്പാടി കെഎസ്ഇബിയുടെ ഓഫീസിനുള്ളിൽ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയതിനാണ് നടപടി. ബിൽ അടക്കുന്നതുമായി ബന്ധപ്പെട്ട് ഓഫീസിൽ തർക്കത്തിനെത്തിയ തിരുവമ്പാടി സ്വദേശികളായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിക്കാനാണ് നിർദ്ദേശം.
അജ്മലിന്റെയും സഹോദരൻ ഷഹദീദിന്റെയും ആക്രമണത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ നാലുപേർക്ക് മർദ്ദനമേറ്റിരുന്നു. ബിൽ അടയ്‌ക്കാത്തിനെ തുടർന്ന് അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിനെ തുടർന്ന് ഓഫീസിലെത്തിയ ഇരുവരും സ്ഥാപനത്തിലെ കംമ്പ്യൂട്ടറുകളും ഉപകരണങ്ങളും തകർക്കുകയും ജീവനക്കാരുടെ ദേഹത്ത് പഴകിയ ഭക്ഷണ സാധനങ്ങൾ ഒഴിക്കുകയും ചെയ്തു.
ആക്രമണത്തിൽ കെഎസ്ഇബിയിക്ക് ഉണ്ടായ നഷ്ടം നികത്തിയാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യം ആലോചിക്കാമെന്നും ബിജു പ്രഭാകർ അറിയിച്ചു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റാണ് അജ്മൽ. ബിൽ അടയ്‌ക്കാത്തിനെ തുടർന്ന് ഇയാളുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.
ഓൺലൈനായി ബില്ലടച്ച അജ്മൽ ഉടൻ കണക്ഷൻ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ഇല്ലാത്തതിനാൽ തടസം നേരിട്ടു. കണക്ഷൻ സ്ഥാപിക്കാൻ വൈകി വീട്ടിലെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരുമായി വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. തുടർന്ന്, ഉദ്യോഗസ്ഥർ പൊലീസിൽ പരാതിയും നൽകി. ഇതിൽ പ്രകോപിതനായാണ് ഇന്ന് രാവിലെ ഓഫീസ് ആക്രമിച്ചത്.