കോട്ടയം: മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളാണ് ഏറ്റവും കൂടുതൽ സുരക്ഷിതരെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. നമ്മുടെ അയൽ രാജ്യങ്ങളിലെ മതസ്വാതന്ത്രവുമായി വിലയിരുത്തുമ്പോൾ ഭാരതത്തിലുള്ളവർ ഏറ്റവും സുരക്ഷിതരാണെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടയം പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” പാകിസ്താൻ, ചൈന, മ്യാന്മാർ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ നമ്മുടെ അയൽ രാജ്യങ്ങളിലെ മതസ്വതന്ത്രവുമായി വിലയിരുത്തുക. അമേരിക്കൻ പ്രസിഡന്റുമാരിൽ ഒരാൾ 16 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കുവരെ ഏർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിൽ പലയിടത്തും എല്ലാമാസവും വർഗീയ കലാപങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് “ജോർജ് കുര്യൻ പറഞ്ഞു .
“ലോകത്തിലെ ഏറ്റവും സുരക്ഷിതമായവരാണ് ഇന്ത്യയിലെ ന്യൂന പക്ഷങ്ങൾ. ഇവിടെ എല്ലാം ശരിയാണെന്ന് ഞാൻ പറയുന്നില്ല , എന്നാൽ പ്രശ്നങ്ങൾ എന്തൊക്കെയാണെങ്കിലും അത് പരിഹരിക്കാൻ കഴിയുന്നവയാണ് . രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ സ്‌ഥലങ്ങളിലും ഞാൻ പോയിട്ടുണ്ട്. അവരുമായി സംസാരിച്ചിട്ടുണ്ട്. ഭാരതമാണ് കൂടുതൽ സുരക്ഷിതമെന്ന് ഞാൻ വിശ്വസിക്കുന്നു” മന്ത്രി കൂട്ടിച്ചേർത്തു.















