ഡെറാഡൂൺ: സഹകരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകാനുള്ള ഉത്തരവ് പുറുപ്പെടുവിച്ച് ഉത്തരാഖണ്ഡ് സർക്കാർ. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ശനിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ അടുത്തിടെ മന്ത്രിസഭാ യോഗം ചേർന്നിരുന്നു. സഹകരണ സ്ഥാപനങ്ങളിലെ പുരുഷന്മാരുടെ വർദ്ധനവിൽ മാറ്റം വരുത്തുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ 10 ജില്ലാ സഹകരണ ബാങ്കുകളിലും 670 മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലും മറ്റ് മികച്ച സഹകരണ സ്ഥാപനങ്ങളിലുമാകും സ്ത്രീകളും പങ്കാളിത്തം വർദ്ധിപ്പിക്കുന്നത്. അന്താരാഷ്‌ട്ര സഹകരണ ദിനത്തിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
ഉത്തരാഖണ്ഡ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ, ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ, റീജിയണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ, കൺസ്യൂമർ കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ, സിൽക്ക് ഫെഡറേഷൻ എന്നിവിടങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തും. സംസ്ഥാന സർക്കാരിന്റെ ചരിത്രപരമായ തീരുമാനമാണിതെന്ന് സംസ്ഥാന സഹകരണ മന്ത്രി ധൻ സിംഗ് റാവത്ത് പറഞ്ഞു.