വടക്കൻ പെറുവിലെ ലംബയേക്ക് മേഖലയിലെ സാന മണൽക്കൂനയിൽ മറഞ്ഞിരുന്ന 40,000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെടുത്ത് പുരാവസ്തു ഗവേഷകർ. ആചാരത്തിന്റെ ഭാഗമായി ബലി നൽകിയതെന്ന് കരുതാവുന്ന മനുഷ്യരുടെ അസ്ഥികൂടങ്ങളും ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്നു.
കൃത്യമായ കാലപ്പഴക്കം നിർണയിക്കാനായി റേഡിയോ കാർബൺ ഡേറ്റിംഗിനായി കാത്തിരിക്കുകയാണ് ഗവേഷകർ. 4,000 വർഷങ്ങൾക്ക് മുൻപ് പെറുവിൽ തീരങ്ങളിൽ മര പാരമ്പര്യത്തിന്റെ ഭാഗമായി പണിത ക്ഷേത്രമാകാം ഇതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പൊന്തിഫിക്കൽ കാത്തലിക് സർവകലാശാലയിലെ ലൂയി മാറോ പറഞ്ഞു. ക്ഷേത്ര ചുവരുകളിലൊന്നിൽ കണ്ട പക്ഷിയുടെ തലയും മനുഷ്യന്റെ ശരീരവുമുള്ള രൂപത്തിന്റെ രേഖാചിത്രം ക്രിസ്തുവിന് 900 വർഷം മുൻപ് ഈ മേഖലയിൽ പ്രബലമായിരുന്ന പ്രത്യേക സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
മൂന്ന് അസ്ഥികൂടമാണ് ഗവേഷകർ കണ്ടെത്തിയത്. ലിനൻ പോലുള്ള തുണിതരത്തിന്റെ അവശിഷ്ടവും ഇതിനൊപ്പം ലഭിച്ചിട്ടുണ്ട്. ഇതാണ് ആചാരത്തിന്റെ ഭാഗമായി ബലി നൽകിയതെന്ന അനുമാനത്തിലെത്തിച്ചത്. 1,400 വർഷങ്ങൾക്ക് മുൻപ് പെറുവിന്റെ വടക്കൻ തീരത്ത് പ്രബലമായിരുന്ന ലേറ്റ് മോച്ചെ സംസ്കാരവുമായി ബന്ധപ്പെട്ട ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി മിറോ വ്യക്തമാക്കി.
സമ്പന്നമായ ചരിത്രമാണ് പെറുവിനുള്ളത്. ഇന്ന് മരുഭൂമിയായി മാറിയ മിക്ക പ്രദേശങ്ങളും ഒരു കാലത്ത് ആചാരപരമായ സമുച്ചയങ്ങളുടെ കേന്ദ്രമായിരുന്നുവെന്ന് തെളിയിക്കും വിധത്തിലുള്ള അവശേഷിപ്പുകളാണ് ഗവേഷകർ പര്യവേക്ഷണം ചെയ്ത് കണ്ടെത്തിയിട്ടുള്ളത്. പുതുതായി കണ്ടെത്തിയ ക്ഷേത്ര ശേഷിപ്പുകൾ പെറുവിന്റെ പുരാതന ഭൂതകാലത്തേക്ക് വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.















