ശ്രീനഗർ: കശ്മീർ താഴ്‌വരയിൽ അടിക്കടിയുള്ള ബന്ദുകളും പണിമുടക്കുകളും പ്രക്ഷോഭങ്ങളും ചരിത്രമായി മാറിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെപി നദ്ദ. ജമ്മു ഇന്ന് വികസിക്കുകയാണെന്നും രണ്ട് എയിംസിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകോത്തര ആശുപത്രിയായിരിക്കും ജമ്മുവിലേതെന്നും നദ്ദ പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ചികിത്സയ്‌ക്കായി ചണ്ഡീഗഢ്, അമൃത്സർ, അല്ലെങ്കിൽ ഡൽഹി എന്നിവിടങ്ങളിൽ പോകേണ്ടിവരാത്ത ഒരു കാലം വിതുരമല്ലെന്നും മന്ത്രി പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ രണ്ട് കോടി പേരാണ് കഴിഞ്ഞ വർഷം ജമ്മു കശ്മീർ സന്ദർശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ ജമ്മു കശ്മീർ യൂണിറ്റിന്റെ നിർവാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ജെപി നദ്ദ.
മുൻ സർക്കാരിന്റെ കാലത്ത് വ്യാപകമായി അഴിമതി കാരണം രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കിയെന്നും മുൻ യുപിഎ സർക്കാരിനെതിരെ ആഞ്ഞടിച്ച് കൊണ്ട് നദ്ദ പറഞ്ഞു. നേരത്തെ അതിർത്തിക്കപ്പുറത്തേക്ക് പ്രതിരോധിക്കാനും തിരിച്ച് വെടിവയ്‌ക്കാനുമായി പ്രത്യേക അനുമതി ആവശ്യമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറിയെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ ഇപ്പോൾ സമാധാനപരമായ ജീവിതം നയിക്കുന്നു. ഇതാണ് മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ കഴിയുന്ന ഏതൊരു ഭീകരനെയും ഒരാഴ്ചയ്‌ക്കുള്ളിൽ നിർവീര്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















