എറണാകുളം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ഈ മാസം 25-ന് മുമ്പ് പുറത്തുവരും. റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് സർക്കാർ ചർച്ചകൾ ആരംഭിച്ചു. വിവരാവകാശ കമ്മീഷനെ സമീപിച്ച് അഞ്ച് പേർക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.
രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് റിപ്പോർട്ട് പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പുറത്തുവന്നത്. റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് നിരവധി വിശദീകരണങ്ങളാണ് കഴിഞ്ഞ നാല് വർഷമായി സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഈ ഉത്തരവിറങ്ങിയതോടെ സർക്കാരിന്റെ പൂഴ്‌ത്തൽ നടപടി ഇനി നടക്കില്ല.
വ്യക്തികളെ ബാധിക്കുന്ന സ്വകാര്യ വിവരങ്ങൾ പുറത്തുവിടരുതെന്ന കർശന നിർദേശവും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. 26-ന് ഉത്തരവ് നടപ്പാക്കിയ ശേഷമുള്ള വിവരങ്ങൾ അറിയിക്കണമെന്നും 27-ന് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിവരാവകാശ കമ്മീഷന് മുന്നിൽ ഹാജരായി ഇക്കാര്യങ്ങൾ ബോധിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
സർക്കാരിന്റെ രേഖ പൊതു രേഖയാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് പുറത്തുവന്നാൽ ഉണ്ടാകാവുന്ന വിവാദങ്ങൾ സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന ആരോപണവും നിലനിൽക്കുകയാണ്.