തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രശംസിച്ച തൃശ്ശൂര്‍ നഗരസഭാ മേയര്‍ എം.കെ. വര്‍ഗീസിനെതിരെ സിപിഐ ക്കാർ നടത്തുന്ന അധിക്ഷേപം തുടരുന്നു . മുൻ മന്ത്രി കെ ഈ ഇസ്മയിലിന്റെ ബന്ധുവായ സിപിഐ നേതാവ് കെ ഇ സജുവാണ് ഏറ്റവും ഒടുവിൽ എം.കെ. വര്‍ഗീസിനെതിരെ അധിക്ഷേപവുമായി രംഗത്ത് വന്നത്.
സുരഷ് ഗോപിക്കും എം.കെ. വര്‍ഗീസിനുമെതിരെ കടുത്ത അധിക്ഷേപങ്ങളാണ് കെ സജു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കൂടി നടത്തിയിരിക്കുന്നത്.
“ഇടതു പക്ഷ മേയർ ആയിരിക്കാൻ ആണോ അതോ കൃസംഘി ആയിരിക്കാൻ ആണോ താല്പര്യം എന്ന് വ്യക്തമായി പറയേണ്ടത് തൃശൂർ മേയർ. M K വർഗീസ് ആണ്..” എന്നാണ് കെ ഇ സാജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്.
സിപി ഐ യുടെ മുൻ അസിസ്റ്റന്റ് സെക്രട്ടറിയും മുൻ എംപിയും, മുൻ സംസ്ഥാന മന്ത്രിയുമായ കെ ഈ ഇസ്മായിലിന്റെ അടുത്ത ബന്ധുവാണ് കെ ഈ സജു. ഇദ്ദേഹം സിപി ഐയുടെ പോഷക സംഘടനയായ യുവകലാസാഹിതിയുടെ പ്രവർത്തകനും സിപിഐ അംഗവുമാണ്.
കഴിഞ്ഞദിവസമായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പുകഴ്‌ത്തി തൃശ്ശൂര്‍ നഗരസഭാ മേയര്‍ എം.കെ. വര്‍ഗീസ് രംഗത്തുവന്നത്. ജനം സുരേഷ് ഗോപിയെ വിജയിപ്പിച്ചത് വലിയ പ്രതീക്ഷയോടെ ആണെന്നും വലിയ വലിയ സംരംഭങ്ങള്‍ സുരേഷ് ഗോപിയുടെ മനസ്സിലുണ്ടെന്നുമായിരുന്നു മേയറുടെ പരാമര്‍ശം.
രാഷ്‌ട്രീയം മറന്ന് വികസനം കൊണ്ടുവരാന്‍ ശ്രമിച്ച വ്യക്തിയാണ് എം.കെ. വര്‍ഗീസ് എന്ന് സുരേഷ് ഗോപിയും പ്രസ്താവിച്ചു . അയ്യന്തോളില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതികളുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെയും എല്‍.ഡി.എഫ്. മേയറുടെയും പരാമര്‍ശങ്ങള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണസമയത്തും സുരേഷ് ഗോപി എംപിയാകാൻ ഫിറ്റ് ആണെന്ന് മേയർ പറഞ്ഞിരുന്നു. ഈ നടപടി വിവാദമായിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാര്‍ഥികളും ഫിറ്റാണെന്ന് നിലപാട് തിരുത്തി.















