കോഴിക്കോട്: സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളിലെ ശുചീകരണ തൊഴിലാളികളുടെ കണ്ണിൽ നിന്ന് പൊടിഞ്ഞ ആനന്ദാശ്രുവിന് പിന്നിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ്. ഭാരത് പെട്രോളിയം കോർപ്പറേഷന്റെ നേതൃത്വത്തിൽ സ്‌കൂളിൽ നടന്ന ‘സ്വച്ഛത പഖ്വാഡ’ പ്രചാരണം ഉദ്ഘാടനത്തിനിടെയാണ് സംഭവം. ശുചീകരണ തൊഴിലാളികളുടെ പ്രാധാന്യം കേന്ദ്രമന്ത്രി സദസിനെ ഓർമ്മപ്പെടുത്തിയതോടെയാണ് അവർ സൂപ്പർ ഹീറോകളായത്.
‘സ്വച്ഛത പഖ്വാഡ’ പരിപാടിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ശുചീകരണ തൊഴിലാളികളെ ആദരിക്കാൻ തീരുമാനിച്ചത്. ആദരം ഏറ്റുവാങ്ങി വേദിയിൽ നിൽക്കെയാണ് വിശിഷ്ടാതിഥികൾക്കായി ഒരുക്കിയ ഇരിപ്പിടത്തിൽ ശുചീകരണ തൊഴിലാളികളോട് ഇരിക്കാനും ഇന്നത്തെ താരം നിങ്ങളാണെന്നും സുരേഷ് ഗോപി പറഞ്ഞത്. ആശയക്കുഴപ്പത്തിലായ ഇവർ എന്ത് ചെയ്യണമെന്ന് അറിയാതെ വേദിയിൽ തന്നെ നിന്നു. വീണ്ടും അതിഥികൾക്കായൊരുക്കിയ പ്രത്യേക ഇരിപ്പിടത്തിൽ വന്നിരിക്കാൻ കേന്ദ്രമന്ത്രി നിർബന്ധിച്ചതോടെയാണ് ഇവർ സീറ്റുകളിൽ ഇരുന്നത്. അപ്പോഴേക്കും സുരേഷ് ഗോപി ഇവർക്ക് പിന്നിലായി നിന്നു. മറ്റ് വിശിഷ്ടാതിഥികളെയും വിളിച്ചുനിർത്തി. വേദിയിലെ ക്യാമറ കണ്ണുകളിലേക്കും പരിപാടിയുടെ ഭാഗമായവരുടെ ഹൃദയത്തിലും ആ മനോഹര ചിത്രം പതിഞ്ഞു.
കെ. പ്രബീഷ്, സി. റോജ, കെ. ബിന്ദു, പി.ടി. അജിത, എം. സിന്ധു, ടി.കെ. ഷീജ, സുമ ഉണ്ണികൃഷ്ണൻ, കെ.പി. സുനിത, കെ.പി. ലിസി, കെ. സീന എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയ ജീവനക്കാർ. ചിങ്ങം പിറന്ന് കഴിഞ്ഞ് കോഴിക്കോട് ബീച്ച് വൃത്തിയാക്കാൻ കുട്ടികൾക്കൊപ്പം വരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉറപ്പുനൽകി.