പഠനത്തിനായി വിദേശ നാടുകളിലേക്ക് നിരവധി പേരാണ് പറക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി പോളണ്ടിലേക്ക് പോകാനൊരുങ്ങുന്നവർക്ക് പുതിയ സംവിധാനം ആരംഭിച്ചിരിക്കുകയാണ് പോളണ്ട് എംബസി.
പുതിയ നിയമപ്രകാരം സ്റ്റുഡന്റ് വിസയ്‌ക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഇ-കോൺസുലേറ്റ് സംവിധാനം വഴി രജിസ്റ്റർ ചെയ്യണം. ഇന്ത്യയിൽ രണ്ട് പോളിഷ് എംബസികളാണുള്ളത്. മുംബൈയിലും ഡൽഹിയിലും. ജൂൺ 26 മുതൽ തൊഴിൽ വിസ അപേക്ഷകളും ഇ-കോൺസുലേറ്റ് സംവിധാനം വഴി രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികളുടെ വിസയ്‌ക്കും രജിസ്ട്രേഷൻ നിർബന്ധമാക്കിയത്.
മൂന്ന് തരം വിസയാണ് പോളണ്ടിലുള്ളത്. എറിത്രിയ, എത്യോപ്യ, ഘാന, ഇറാൻ, ഇറാഖ്, നൈജീരിയ, പാകിസ്താൻ, സൊമാലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്,ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ പാസ്‌പോർട്ടുമായി യാത്ര ചെയ്യുമ്പോൾ ഷെങ്കൻ വിമാനത്താവളത്തിന്റെ അന്താരാഷ്‌ട്ര ട്രാൻസിറ്റ് ഏരിയയിലൂടെ കടക്കണമെങ്കിൽ എയർപോർട്ട് ട്രാൻസിറ്റ് ഷെങ്കൻ വിസ (A-ടൈപ്പ്) ആവശ്യമാണ്.
പോളണ്ടിലോ മറ്റ് ഷെങ്കൻ രാജ്യങ്ങളിലോ 90 ദിവസം മുതൽ 180 ദിവസം വരെ തങ്ങുന്നതിന് ഷെങ്കൻ വിസ (C-ടൈപ്പ്) നിർബന്ധമാണ്.
പോളണ്ടിൽ 90 ദിവസത്തിലധികം താമസിക്കണമെങ്കിൽ നാഷണൽ വിസ (D-ടൈപ്പ്) അനിവാര്യമാണ്. ഒരു വർഷമാണ് ഈ വിസയുടെ പരമാവധി കാലാവധി.















