നെൽപാടത്ത് അയ്യപ്പ രൂപമൊരുക്കി കർഷകൻ. ശബരിമല നിറപുത്തരിക്കായി ഇറക്കിയ കൃഷിയിലാണ് ഈ കരവിരുതുള്ളത്. പത്തനംതിട്ട ആറന്മുള-ചെങ്ങന്നൂർ പാതയോരത്ത് ഇടയാറന്മുള ചെറുപുഴയ്‌ക്കാട്ട് ദേവീ ക്ഷേത്ര വളപ്പിലാണ് ഭക്തിനിർഭരമായ കൃഷി.
അപൂർവങ്ങളായ അഞ്ച് നെൽ വിത്തിനങ്ങളിലാണ് കർഷകനായ എം.എസ് സുനിൽ കുമാർ അയ്യപ്പരൂപം സൃഷ്ടിച്ചെടുത്തത്. നസർബാത്ത് എന്ന നെൽ ചെടിയുടെ കൃഷ്ണവർണമാണ് അയ്യപ്പരൂപത്തിന്റെ ആധാരം. നസർ ബാത്ത്, ജപ്പാൻ വയലറ്റ്, എഎസ്ടി, രക്തശാലി, മണിരത്ന എന്നിവ ഇടക്കലർത്തിയാണ് കൃഷി ചെയ്തിരിക്കുന്നത്. ചുമർചിത്ര കലാകാരൻ അഖിൽ ആറന്മുളയാണ് 20 സെന്റിലെ ഈ വിസ്മയത്തിന്റെ രൂപകൽപന.
വയലറ്റ് നിറത്തിലുള്ള ഭംഗിയാർന്ന നെല്ലോലകളുള്ള ജപ്പാൻ വയലറ്റ് സംഘടിപ്പിക്കുകയായിരുന്നു സുനിൽ കുമാറിന് മുൻപിലുണ്ടായിരുന്ന വെല്ലുവിളി. ഏറെ പണിപ്പെട്ട് ഡൽഹിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മുഖേനെയാണ് വിത്ത് സംഘടിപ്പിച്ചത്. ഒരുക്കിയെടുത്ത പാടം ആദ്യം നനച്ചു. പിന്നാലെ ചോക്ക് പൊടിയിൽ രൂപം തീർത്തു. അതേ തരത്തിൽ പാടമൊരുക്കി വിത്തിറക്കി. വിളവെടുപ്പിന് 140 ദിവസം വേണ്ടതിനാൽ നസർ ബാത്താണ് ആദ്യം വിതച്ചത്. പിന്നാലെ ബാക്കിയുള്ളവയും വിതച്ചു.
വിഷുവിന് വിതച്ച ഗുജറാത്തിലെ കാർഷിക സർവകലാശാലയുടെ നസർ ബാത്ത്, തമിഴ്‌നാട് അംബാസമുദ്രം കാർഷിക സർവകലാശാലയിലെ പച്ചരി ഇനത്തിൽപ്പെട്ട എഎസ്ടി, ജപ്പാനിൽനിന്നുള്ള ജപ്പാൻ വയലറ്റ്, രക്തശാലി, മനുരത്‌ന എന്നിവ ഒരേ സമയം കതിരിട്ട് തുടങ്ങി. നസർ ബാത്ത് നെല്ലാണ് വയലറ്റ് നിറം നൽകുന്നത്. ഉത്തരേന്ത്യക്കാരനാണ് നസർ ബാത്ത്. ഒന്നാം വിള നെല്ലിനൊപ്പം കളയായി വളരുന്ന നെല്ലിനെ ഇല്ലാതാക്കാൻ ഇത് സഹായിക്കും.















