മുംബൈ: മുംബൈയിൽ ബിഎംഡബ്ള്യു കാർ ഇടിച്ച് മത്സ്യ തൊഴിലാളിയായ സ്ത്രീ മരിച്ചു. ഇന്ന് പുലർച്ചെ 5.30 ഓടെ മുംബൈയിലെ വോർളിയിലെ ആട്രിയ മാളിനും തീരദേശ റോഡിനും ഇടയിലാണ് അപകടം. അമിത വേഗത്തിലായിരുന്ന ബിഎംഡബ്ള്യു കാർ മത്സ്യ തൊഴിലാളികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ 45 കാരിയായ സ്ത്രീ തെറിച്ച് കാറിന്റെ ബോണറ്റിൽ വീഴുകയായിരുന്നു. സ്ത്രീയുമായി കാർ 100 മീറ്ററോളം സഞ്ചരിച്ചതായും പിന്നീട് ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു. പരിക്കേറ്റ സ്ത്രീയെ അടുത്തുള്ള നായർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഗുരുതരമായി പരിക്കേറ്റ ഭർത്താവും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് .
അപകടത്തിനിടയാക്കിയ കാർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അപകട സമയത്ത് കാറിൽ രണ്ടു പേരുണ്ടായിരുന്നു. ഡ്രൈവറെ പിടികൂടിയതായും ഇയാൾ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. കാറിന്റെ ഉടമസ്‌ഥാവകാശം സംബന്ധിച്ചും അന്വേഷണം നടത്തി വരികയാണ്.















