ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. രാഹുൽ ഒരു യഥാർത്ഥ നേതാവല്ലെന്നും അവസരത്തിനൊത്ത് പെരുമാറുന്ന ആളാണെന്നും പൂനാവല്ല തുറന്നടിച്ചു. ബഹുജൻ പാർട്ടി നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഡിഎംകെയ്‌ക്കെതിരെ പ്രതികരിക്കാൻ രാഹുൽ തയ്യാറായില്ല. കള്ളക്കുറിച്ചിയിൽ വ്യാജ മദ്യം കുടിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായമെത്തിക്കാനോ അവരെ സന്ദർശിക്കാനോ രാഹുൽ ശ്രമിച്ചില്ലെന്നും പൂനാവല്ല കുറ്റപ്പെടുത്തി.
” ഹത്രാസിലെ ദുരന്തമുഖത്തേക്ക് രാഹുൽ ഓടിയെത്തി. എന്നാൽ കള്ളക്കുറിച്ചിയിൽ വ്യാജ മദ്യം കുടിച്ച് മരണപ്പെട്ടവരുടെ കുടുംബത്തെ തിരിഞ്ഞുനോക്കാൻ രാഹുൽ തയ്യാറായില്ല. അടുത്തിടെ ബഹുജൻ പാർട്ടി നേതാവ് ആംസ്‌ട്രോങ്ങ് കൊല്ലപ്പെട്ടു. എന്നാൽ ഇതിനെതിരെയോ ഡിഎംകെയ്‌ക്കെതിരെയോ പ്രതികരിക്കാൻ രാഹുൽ തയ്യാറായില്ല. കാരണം ഡിഎംകെയ്‌ക്കെതിരെ പ്രതികരിക്കാൻ രാഹുലിന് ഭയമാണ്. അതിനാൽ തമിഴ്‌നാട്ടിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്.”- ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു.
ഡിഎംകെ സർക്കാരിന്റെ കീഴിൽ ജനങ്ങൾ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്ന കാഴ്ചകളാണ് ദിനവും ഇപ്പോൾ തമിഴ്‌നാട്ടിൽ നടക്കുന്നത്. ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. കള്ളക്കുറിച്ചിയിൽ വ്യാജ മദ്യ ദുരന്തം കാരണം 65ഓളം ആളുകളുടെ ജീവൻ പൊലിഞ്ഞു. എന്നാൽ കോൺഗ്രസോ പ്രതിപക്ഷ നേതാവോ ഇതിനെതിരെ ചെറുവിരൽ അനക്കാൻ തയ്യാറായില്ല. ഡിഎംകെയെ എതിർക്കാൻ കോൺഗ്രസിന് ഭയമാണ്.
ഡിഎംകെയ്‌ക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് രാഹുലിന് പറയാൻ ധൈര്യമുണ്ടോ? സ്റ്റാലിന്റെ ഗവൺമെന്റിനെതിരെ രാഹുൽ എപ്പോഴെങ്കിലും സമ്മർദ്ദം ചെലുത്തിയിട്ടുണ്ടോ? ഇതിൽ നിന്ന് തന്നെ തമിഴ്‌നാട്ടിലെ സർക്കാരും കോൺഗ്രസും ദളിതരെയും പാവപ്പെട്ട ജനങ്ങളെയും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മനസിലാക്കാവുന്നതാണെന്നും ഷെഹ്‌സാദ് പൂനാവല്ല തുറന്നടിച്ചു.















