തമിഴ്നാട്ടുകാരനായ ലോംഗ് ജമ്പ് താരം ജസ്വിൻ ആൽഡ്രിനും അത്ലറ്റ് അങ്കിതയും പാരിസ് ഒളിമ്പിക്സിന്. ഇരുവർക്കും തുണയായത് ലോക റാങ്കിംഗിലെ മുന്നേറ്റമാണ്. മലയാളി താരം എം. ശ്രീശങ്കർ പരിക്കേറ്റ് പുറത്തായതോടെയാണ് 33-ാം റാങ്കിലുള്ള ആൽഡ്രിൻ ഒളിമ്പിക്സ് ക്വാട്ട ഉറപ്പിച്ചത്. പുരുഷ ലോംഗ് ജമ്പിൽ 32 പേർക്കാണ് യോഗ്യത.
അങ്കിത 5000 മീറ്ററിലാകും മത്സരിക്കുന്നത്. പാരുൾ ചൗധരിക്കൊപ്പം 96-ാം റാങ്കിലുള്ള അങ്കിതയും പാരിസ് ഒളിമ്പിക്സിന് മത്സരിക്കും. ലോക കായിക മാമാങ്കത്തിന് പങ്കെടുക്കുന്ന 28 അത്ലറ്റുകളുടെ പേരുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുപേർകൂടി യോഗ്യത നേടിയത്.
അഞ്ചു മലയാളികളാണ് പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. ഇതിൽ വനിതാ താരങ്ങളാരുമില്ല.4×400 മീറ്റർ റിലേ ടീം അംഗങ്ങളായ മുഹമ്മദ് അനസ്, വി. മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ എന്നിവരും ട്രിപ്പിൾ ജമ്പ് താരം അബ്ദുള്ള അബൂബക്കറുമാണ് യോഗ്യത നേടിയ മലയാളികൾ.