എനർജി ഡ്രിങ്കിനൊപ്പം മദ്യം കലർത്തി കുടിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠന റിപ്പോർട്ട്. ഇറ്റാലിയൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷണ സംഘം എലികളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ന്യൂറോഫാർമകോളജിയുടെ ജേർണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എനർജി ഡ്രിങ്കിനൊപ്പം മദ്യം കലർത്തി കുടിക്കുന്നത് ഓർമശക്തി നഷ്ടപ്പെടാൻ കാരണമാകുമെന്നാണ് കണ്ടെത്തൽ. പരീക്ഷണത്തിന് വിധേയമാക്കിയ എലികളിൽ ചിലതിന് എൻർജി ഡ്രിങ്ക് നൽകി, മറ്റ് ചിലതിന് മദ്യം കൊടുത്തു. വേറെ ചില എലികൾക്ക് ഇവയുടെ മിശ്രിതം നൽകിയും പരീക്ഷിച്ചു. 53 ദിവസം ഇത്തരത്തിൽ എലികളിൽ നടത്തിയ പരീക്ഷണത്തിനൊടുവിൽ അവയുടെ തലച്ചോറിലെ മാറ്റങ്ങൾ ഗവേഷകർ പരിശോധിച്ചു.
മിശ്രിത പാനീയം കുടിച്ച എലികളിൽ തലച്ചോറിന്റെ പ്രവർത്തനത്തിൽ മാറ്റം വന്നതായി കണ്ടെത്തി. പുതിയ കാര്യങ്ങൾ പഠിക്കാനും അവ ഓർത്തുവയ്‌ക്കാനും സഹായിക്കുന്ന തലച്ചോറിലെ ഭാഗങ്ങൾക്ക് (hippocampus) പരിവർത്തനം സംഭവിച്ചതായി ഗവേഷകർ പറയുന്നു. മദ്യത്തിൽ എനർജി ഡ്രിങ്ക് ഒഴിച്ച് കുടിക്കുമ്പോൾ ഹിപ്പോകാമ്പസിന്റെ മൃദുത്വത്തിന് കേടുപാടുകൾ സംഭവിക്കുന്നു. മനുഷ്യരിൽ പെരുമാറ്റ വൈകല്യങ്ങൾ സംഭവിക്കുന്നതിനും ഇത് കാരണമായേക്കാം.
എലികളിൽ നടത്തിയ പഠനങ്ങളിൽ നിന്നാണ് ഗവേഷകരുടെ കണ്ടെത്തലുകൾ എന്നതിനാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ മനുഷ്യരിൽ പഠനം നടത്തേണ്ടതുണ്ട്. എന്നാൽ മദ്യവും എനർജി ഡ്രിങ്കും കലർത്തി കഴിക്കുന്നത് അപകടമാണെന്നതിനാൽ മനുഷ്യരിൽ പരീക്ഷണം നടത്തുന്നത് വെല്ലുവിളി നിറഞ്ഞകാര്യമാണെന്നും ഗവേഷകർ പ്രതികരിച്ചു.