ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയ്‌ക്കെതിരെ കേസെടുത്തു. വനിതാ കമ്മീഷൻ നൽകിയ പരാതിയിൽ ഡൽഹി പൊലീസാണ് കേസെടുത്തത്. രേഖ ശർമ്മയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മഹുവ മോശം പരാമർശം നടത്തിയത്.
മഹുവ മൊയ്ത്രയുടെ അധിക്ഷേപ പരാമർശങ്ങൾ എക്സിൽ നിന്നും ശേഖരിക്കും. കേസിൽ അന്വേഷണം ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ് സംഹിതയിലെ 79-ാം വകുപ്പ് പ്രകാരമാണ് മഹുവയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. കഴിഞ്ഞ ദിവസം മഹുവയ്‌ക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസും എടുത്തിരുന്നു.
ഹത്രാസ് ദുരന്തത്തിൽപ്പെട്ട സ്ത്രീകളെ കാണാനെത്തിയ രേഖാ ശർമ്മയ്‌ക്ക് സ്തീകളിലൊരാൾ കുടപിടിച്ച് കൊടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളഇൽ പ്രചരിച്ചിരുന്നു. എന്തുകൊണ്ട് രേഖാ ശർമയ്‌ക്ക് കുട സ്വയം പിടിച്ചുകൂടാ എന്ന് ഒരു എക്സ് ഉപഭോക്താവ് ചോദിച്ചതിന് പിന്നാലെയാണ് മഹുവ അധിക്ഷേപിക്കുന്ന രീതിയിൽ മറുപടി നൽകിയത്. അവർ തന്‍റെ മുതലാളിക്ക് പൈജാമ പിടിക്കുന്ന തിരക്കിലാണെന്നായിരുന്നു മഹുവയുടെ പരാമർശം.















