കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എവറസ്റ്റിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതായി റിപ്പോർട്ട്. എവറസ്റ്റിലെ ചപ്പുചവറുകൾ പൂർണമായി നീക്കം ചെയ്യാൻ വർഷങ്ങളോളം സമയം ആവശ്യമായി വരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നേപ്പാൾ സർക്കാർ നിയോഗിച്ച ഷെർപ്പകളുടെ നേതൃത്വത്തിലുള്ള സംഘം ശുചീകരണ യജ്ഞത്തിനായി എവറസ്റ്റ് കാമ്പിൽ എത്തിയതിന് പിന്നാലെയാണ് സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമായത്. (പടിഞ്ഞാറൻ നേപ്പാളിലെ കുന്നുകളിൽ വസിക്കുന്നവരാണ് ഷെർപ്പകൾ. ഇവരിൽ ഭൂരിഭാഗമാളുകളും ടിബറ്റൻ ജനതയാണ്. എവറസ്റ്റ് മേഖലയെ കാത്തുസൂക്ഷിക്കുന്നതിലും പർവതാരോഹകർക്ക് സഹായമാകുന്നതിലും ഷെർപ്പകളുടെ പങ്ക് വലുതാണ്.)
എവറസ്റ്റ് കാമ്പിലെത്തിയ ശുചീകണ സംഘത്തിൽ സൈനികർ അടക്കമുള്ളവരുണ്ടായിരുന്നു. ഷെർപ്പകളും സൈന്യവും ചേർന്ന് 11 ടൺ മാലിന്യമാണ് നീക്കം ചെയ്തത്. തണുത്തറഞ്ഞ നാല് മൃതദേഹങ്ങളും ഒരു അസ്ഥിക്കൂടവും ഇതിൽ ഉൾപ്പെടുന്നു. ദക്ഷിണ ഭാഗത്തുള്ള കാമ്പിന് സമീപം 50 ടൺ മാലിന്യം നീക്കം ചെയ്യാൻ ശേഷിക്കുന്നുണ്ടെന്നും സംഘം അറിയിച്ചു.
1953ൽ എവറസ്റ്റ് കീഴടക്കിയപ്പോൾ മുതൽ ഇവിടേക്ക് പതിനായിരക്കണക്കിന് ആളുകളാണ് എത്തിപ്പെട്ടിട്ടുള്ളത്. ഇത്രയും പേർ ഇവിടെ വന്ന് പോകുമ്പോൾ അവരുടെ കാൽപ്പാടുകൾ മാത്രമല്ല അവശേഷിക്കപ്പെടുന്നതെന്ന് സംഘം ചൂണ്ടിക്കാട്ടി. പഴയ ടെന്റുകൾ, ഭക്ഷണ സാമഗ്രികൾ, ഗ്യാസ് കാട്രിഡ്ജുകൾ, ഓക്സിജൻ ബോട്ടിലുകൾ, ടെന്റ് പാക്കുകൾ, പർവതം കയറാനും ടെന്റ് കെട്ടാനും ഉപയോഗിക്കുന്ന കയറുകൾ തുടങ്ങിയവയാണ് ചവറുകളിൽ അധികവും.
എവറസ്റ്റ് കാമ്പുകളിലെ മാലിന്യകൂമ്പാരത്തിന് തടയിടാൻ പർവതാരോഹകർക്ക് കർശന നിർദേശംനേപ്പാൾ സർക്കാർ നൽകിയിരുന്നു. പർവതാരോഹണത്തിനായി കൊണ്ടുവരുന്ന വസ്തുക്കൾ എല്ലാം തിരികെ പോകുമ്പോൾ കൊണ്ടുപോകണമെന്നാണ് നിർദേശം. എന്നിരുന്നാലും പഴയ പര്യവേഷണങ്ങളുടെ ബാക്കിപത്രങ്ങൾ മാലിന്യകൂമ്പൂരങ്ങളുടെ രൂപത്തിൽ ഇപ്പോഴും എവറസ്റ്റ് കാമ്പുകളിലുണ്ട്.
ടോർച്ചിൽ ഉപയോഗിക്കുന്ന റീച്ചർജ് ചെയ്യാൻ കഴിയുന്ന ബാറ്ററികളാണ് കണ്ടെത്തിയ മാലിന്യങ്ങളിൽ ഏറ്റവും പഴക്കമുള്ളത്. 1957ലെ ബാറ്ററികളാണ് കണ്ടെത്തിയതെന്ന് ഷെർപ്പകളിലൊരാൾ പ്രതികരിച്ചു.















