തിരുവനന്തപുരം: തുമ്പ നെഹ്‌റു ജംഗ്ഷനിൽ നാടൻ ബോംബെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ കഴക്കൂട്ടം സ്വദേശി ഷെബിനാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുകയായിരുന്നു. സംഭവത്തിൽ മറ്റ് മൂന്ന് പേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
ബോംബ് ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. നെഹ്‌റു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് അപ്പൂസ് എന്നിവർക്കാണ് പരിക്കേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. നെഹ്‌റു ജംഗ്ഷനിൽ സുഹൃത്തിനെ കാണാൻ എത്തിയപ്പോഴായിരുന്നു ഇരുവർക്കും നേരെ ബോംബ് ആക്രമണം നടന്നത്.
ബോംബുകളിൽ ഒരെണ്ണം അഖിലിന്റെ കയ്യിലാണ് പതിച്ചത്. പരിക്കേറ്റ ഇരുവരെയും പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുണ്ടകൾ തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നെലെന്നാണ് പ്രാഥമിക നിഗമനം.