ബെംഗളൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തമായതോടെ പകർച്ചവ്യാധികളും പിടിമുറുക്കി. കർണാടകയിൽ ഡെങ്കിപ്പനിയുടെ വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഈ വർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത് 7,000 കേസുകളാണ്.
ജൂലൈ 6 വരെയുള്ള കണക്കനുസരിച്ച് 7,006 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ ആറ് പേർ ചികിത്സയിലിരിക്കെ മരണമടഞ്ഞു. ബെംഗളൂരുവാണ് കണക്കുകളിൽ മുന്നിൽ. ബെംഗളൂരുവിൽ മാത്രം 1,908 ഡെങ്കു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ ജനങ്ങളെ അറിയിച്ചു.
അതേസമയം ഡെങ്കിപ്പനി നേരിടുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണെന്ന് ബിജെപി ആരോപിച്ചു. കർണാടകയിലെ ആശുപത്രികളിൽ ആവശ്യത്തിന് കുടിവെള്ളംപോലും ഇല്ലാത്ത സാഹചര്യം ആണ്. എന്നാൽ ഇതൊന്നും പരിഹരിക്കാതെ വാൽമീകി, ദളിത് വിഭാഗങ്ങളുടെ ഫണ്ട് കൊള്ളയടിക്കാനുള്ള തിരക്കിലാണ് സർക്കാർ. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നതിനെക്കാൾ നല്ലത് ആരോഗ്യവകുപ്പ് മന്ത്രി രാജി വയ്‌ക്കുന്നതാണെന്ന് ബിജെപി വിമർശിച്ചു.















