തിരുവനന്തപുരം: സാമ്പത്തിക നേട്ടം ലക്ഷ്യം വച്ചാണ് പലരും സിപിഎമ്മിലേക്ക് എത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സഖാക്കൾക്ക് പണത്തോടുള്ള ആർത്തി കൂടി വരികയാണെന്നും പണമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് നേതാക്കൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിംഗിലാണ് എം വി ഗോവിന്ദന്റെ വിമർശനം.
എങ്ങനെയും പണം സമ്പാദിക്കണമെന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്കെത്തുന്നത്. ഇത് പലപ്പോഴും ഗുരുതര വീഴ്ചയ്‌ക്ക് ഇടവരുത്തിയിട്ടുണ്ട്. താഴെത്തട്ടിലുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ പാർട്ടിക്ക് സാധിച്ചില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
പാർട്ടിയുടെ പക്കൽ നിന്ന് വന്ന ഗുരുതര വീഴ്ചകളാണ് ലോകസ്ഭാ തെരഞ്ഞെടുപ്പിൽ പരാജയത്തിലേക്ക് നയിച്ചത്. ഇനിമുതൽ ക്ഷേത്രങ്ങളും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കരുതെന്നും പാർട്ടി ഇടപെട്ടില്ലെങ്കിലും അനുഭാവികൾ പോകണമെന്നും അദ്ദേഹം ബ്രാഞ്ച് സെക്രട്ടറിമാർക്ക് നിർദേശം നൽകി. മരണം, വിവാഹം തുടങ്ങിയ ചടങ്ങുകളിൽ സജീവമായി പ്രവർത്തിക്കണം. ജനങ്ങളോട് വിനയത്തോടെ പെരുമാറമെന്നും എം വി ഗോവിന്ദൻ നിർദേശം നൽകിയിട്ടുണ്ട്.
പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സിപിഎം നേതാക്കളെ കുറ്റപ്പെടുത്തികൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഇടപെടുത്തി പിഎസ്‌സി അംഗത്വം വാങ്ങി നൽകാമെന്നായിരുന്നു കോഴിക്കോട്ടെ യുവ സിപിം പ്രവർത്തകന്റെ വാഗ്ദാനം.















