തിരുവനന്തപുരം: കേന്ദ്രം നൽകുന്നില്ലെന്ന കേരളത്തിന്റെ സ്ഥിരം പല്ലവി ഇനി നടക്കില്ല. കേന്ദ്രം സൗജന്യമായി അനുവദിക്കുന്ന മുഴുവൻ റേഷൻ വിഹിതവും കേരളം ഏറ്റെടുക്കുന്നില്ലെന്ന കണക്കുകൾ പുറത്ത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കേന്ദ്രം അനുവദിക്കുന്ന അരിയിൽ 17,000 ടൺ വരെയും ഗോതമ്പിൽ 400 ടൺ വരെയും കുറച്ചാണ് കേരളം ഏറ്റെടുക്കുന്നത്.
പ്രതിമാസം 1.03 ലക്ഷം ടൺ അരിയും 15,629 ടൺ ഗോതമ്പുമാണ് കേന്ദ്രം കേരളത്തിന് അനുവദിക്കുന്നത്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കേരളത്തിലെ 27 ഡിപ്പോകളിൽ നിന്നാണ് സപ്ലൈകോ ഏറ്റെടുത്ത് റേഷൻ കടകളിലേക്ക് എത്തിക്കുന്നത്. കേരളത്തിന്റെ കടക്കെണി കാരണം വിതരണം നടത്തുന്ന ട്രാൻസ്പോർട്ട് കരാർ ബിൽ കുടിശികയായി. ഇതാണ് റേഷൻ വിഹിതം ഏറ്റെടുക്കുന്നതിൽ കുറവ് വരാനുള്ള പ്രധാന കാരണം. മെയ് മാസം മുതലാണ് റേഷൻ വിഹിതം ഏറ്റെടുക്കൽ ചുരുങ്ങിയതെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പിലേക്ക് കൈമാറിയ കണക്കിൽ പറയുന്നത്.