തൃശൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇടത് യുവജന സംഘടന. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെയാണ് എഐവൈഎഫ് മണ്ഡലം ശിൽപശാലയിൽ വിമർശനം ഉയർന്നത്. ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും തിരുത്തൽ വേണമെന്നുമാണ് യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്ക് ചുമതലയുള്ള ആഭ്യന്തര വകുപ്പ് പൂർണപരാജയമാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
സിപിഐ മന്ത്രിമാർക്കെതിരെയും ശിൽപശാലയിൽ വിമർശനം ഉയർന്നു. മന്ത്രി പി പ്രസാദിന്റെ കൃഷിവകുപ്പിലും മന്ത്രി കെ രാജന്റെ റവന്യുവകുപ്പിലും ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും ഭക്ഷ്യ വകുപ്പിൽ പ്രഖ്യാപനങ്ങൾ മാത്രമേ നടക്കുന്നുള്ളു എന്നും അംഗങ്ങൾ പറഞ്ഞു. ക്ഷേമ പെൻഷൻ മുടങ്ങിയിട്ടും ആഡംബരമായി നടത്തിയ നവകേരള സദസ്സ് പ്രഹസനമായിരുന്നുവെന്നും വിമർശനമുയർന്നു.
നേരത്തെ എഐവൈഎഫ് സംസ്ഥാന ശിൽപശാലയിലും മുഖ്യമന്ത്രിക്കെതിരെ വിമർശനമുയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കങ്ങൾ ജനങ്ങളിൽ ഇടതുവിരുദ്ധവികാരം വളർത്തിയെന്നും പൗരാവകാശങ്ങൾക്കുമേൽ സ്വേച്ഛാധിപത്യം സ്ഥാപിക്കാനായി പൊലീസിനെ ദുരുപയോഗം ചെയ്‌തെന്നും ശിൽപശാലയിൽ വിലയിരുത്തി.