ജമ്മു : അമർനാഥ് തീർത്ഥാടകർക്കായി ജമ്മു കശ്മീർ ഭരണകൂടം ‘പോണി ആംബുലൻസ്’ സേവനം അവതരിപ്പിച്ചു. അമർനാഥ് യാത്രക്കിടയിൽ തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനുള്ള സംവിധാനമാണ് ഇത്. കുതിരപ്പുറത്ത് മെഡിക്കൽ കിറ്റുകളും ഓക്‌സിജൻ സിലിണ്ടറുകളും ഉൾപ്പെടെയുള്ള എമർജൻസി റെസ്‌പോൺസ് സിസ്റ്റം സജ്ജീകരിച്ച്, ഈ സംവിധാനം ബാൾട്ടൽ, പഹൽഗാം റൂട്ടുകളിൽ തീർഥാടകരെ അനുഗമിക്കുമെന്ന് അധികൃതർ പറഞ്ഞു.
യാത്രയ്‌ക്കിടെ തീർത്ഥാടകർ അഭിമുഖീകരിക്കുന്ന ഏതെങ്കിലും മെഡിക്കൽ ആവശ്യകതകളോ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടായാൽ ഉടൻ നേരിടാൻ സജ്ജരായ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ പോണി ആംബുലൻസുകൾ കൈകാര്യം ചെയ്യും
“അമർനാഥ് യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പോണി ആംബുലൻസ് സർവീസ് യാത്രയ്‌ക്കിടെ തീർത്ഥാടകരുടെ ആത്മവിശ്വാസവും ആശ്വാസവും വർദ്ധിപ്പിച്ചു,” ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ സെക്രട്ടറി സയ്യിദ് ആബിദ് റാഷിദ് ഷാ പറഞ്ഞു.
കശ്മീരിലെ ആരോഗ്യ സേവന വകുപ്പ് ആരംഭിച്ച ഈ സേവനം തീർത്ഥാടകരിൽ നിന്ന് വളരെയധികം പ്രശംസകൾ ഏറ്റു വാങ്ങി.
കശ്മീരിന്റെ വിദൂര പ്രദേശങ്ങളിലെ മെഡിക്കൽ ആവശ്യങ്ങൾക്ക് അടിയന്തര പ്രതികരണം നൽകാൻ ഈ സേവനം വളരെയധികം ഉപകരിക്കുമെന്ന് ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു. ജൂൺ 29-ന് ആരംഭിച്ച 52 ദിവസത്തെ അമർനാഥ് യാത്രയിൽ ഇതുവരെ രാജ്യത്തുടനീളമുള്ള 1.60 ലക്ഷത്തിലധികം പേരാണ് ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തിയത്.