ഒളിമ്പിക്‌സിന് ആഴ്ചകൾ മാത്രം ശേഷിക്കെ സ്റ്റീപ്പിൾ ചേസിൽ പുതിയ ദേശീയ റെക്കോർഡ് സ്വന്തമാക്കി അവിനാഷ് സാബ്ലെ. 3000 മീറ്ററിലാണ് താരം സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് തിരുത്തിയത്. ഇന്നലെ പാരീസിൽ നടന്ന ഡയമണ്ട് ലീഗ് മത്സരത്തിൽ 8 മിനിറ്റ് 09.01 സെക്കന്റിൽ ഫിനിഷ് ചെയ്താണ് പുതിയ നേട്ടം സ്വന്തമാക്കിയത്. 8 മിനിറ്റ് 11.20 സെക്കന്റായിരുന്നു മുൻ റെക്കോർഡ്. താരം നേരത്തെ തന്നെ പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു. നിലവിലെ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവാണ്.
2022-ലെ കോമൺവെൽത്ത് ഗെയിംസിലെ പ്രകടനത്തെ വെല്ലുന്നതായിരുന്നു ഡയമണ്ട് ലീഗിലേത്. അന്നും ഇന്നും സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് തിരുത്തിയായിരുന്നു താരത്തിന്റെ പ്രകടനം. 10-തവണ ദേശീയ റെക്കോർഡ് തിരുത്തിയ 29-കാരൻ മഹാരാഷ്‌ട്രയിലെ മൺഡ്വാ സ്വദേശിയാണ്. ഇന്ത്യൻ കരസേനയുടെ മഹാർ റെജിമെന്റിന്റെ ഭാഗമാണ് അവിനാശ്.
കായിക രംഗത്ത് മികവ് തെളിയിച്ചശേഷം സ്‌പോർട്‌സ് റിക്രൂട്ട്‌മെന്റിലൂടെ സൈന്യത്തിലെത്തിയ ആളല്ല താരം. 12-ാം ക്ലാസിന് ശേഷം കരസേനാംഗമായ സാബ്ലെ തുടർന്ന് കഠിന പരിശീലനത്തിലൂടെ ലോകനേട്ടങ്ങളിലേക്ക് കുതിപ്പ് തുടങ്ങുകയായിരുന്നു. രാജസ്ഥാനിലെ കൊടും ചൂടിലും സിയാച്ചിനിലെ തണുപ്പിലുമായിരുന്നു മഹാർ റെജിമെന്റിന്റെ ഭാഗമായുള്ള ആദ്യ നിയമനങ്ങൾ. സൈനിക പരിശീലനകാലത്തെ സ്‌പോർട്‌സ് ട്രെയിനിംഗിനിടെയാണ് കോച്ച് അമരീഷ് കുമാർ സാബ്ലെയിലെ ഓട്ടക്കാരനെ തിരിച്ചറിഞ്ഞത്. സിയാച്ചിനിലെ കൊടുംതണുപ്പിൽ മഹാർ റെജിമെന്റിനൊപ്പം 4 വർഷക്കാലം സാബ്ലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.