കേരള മനസ്സാക്ഷിയെ ഞെട്ടിച്ച രാഷ്‌ട്രീയ കൊലപാതകങ്ങളിൽ ഒന്നാണ് ബിജെപി നേതാവ് കെ ടി ജയകൃഷ്ണൻ മാസ്റ്ററുടേത്. അതിക്രൂരമായാണ് സിപിഎം അദ്ദേഹത്തെ കൊന്നത്. 1999 ഡിസംബർ ഒന്നിന് പാനൂർ ഈസ്റ്റ് മൊകേരി യു.പി സ്‌കൂളിൽ ക്ലാസ്സെടുക്കുന്നതിനിടെയാണ് കെ.ടി ജയകൃഷ്ണൻ മാസ്റ്ററെ കുട്ടികളുടെയും അധ്യാപകരുടെയും മുന്നിലിട്ട് സിപിഎം വെട്ടിക്കൊന്നത്. ജയകൃഷ്ണൻ മാസ്റ്ററുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലും സഹപ്രവർത്തകരിലും ഒരാളായിരുന്നു എംടി രമേശ്. കൊല്ലപ്പെടുന്നതിന് മുമ്പ് ജയകൃഷ്ണൻ മാസ്റ്റർ സംസാരിച്ച രണ്ടുപേരിൽ ഒരാൾ എം ടി രമേശാണ്. അതേപ്പറ്റി ഓർത്തെടുക്കുകയാണ് ബിജെപി നേതാവ്. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയകൃഷ്ണൻ മാസ്റ്ററുമായുള്ള ബന്ധത്തെപ്പറ്റി എംടി രമേശ് തുറന്നു പറഞ്ഞത്.
“യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറിയായി കണ്ണൂരിൽ പ്രവർത്തിക്കുമ്പോഴാണ് ജയകൃഷ്ണൻ മാസ്റ്ററെ പരിചയപ്പെടുന്നത്. ഞാൻ യുവമോർച്ച കോഴിക്കോട് ജില്ല സെക്രട്ടറിയായി ചുമതല നോക്കുന്ന സമയം ജയകൃഷ്ണൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. അന്നുമുതലേ അടുപ്പമുണ്ട്. ഏതാണ്ട് എല്ലാ സമയത്തും ജയകൃഷ്ണന്റെ വീട്ടിൽ പോകുമായിരുന്നു. ശേഷം നല്ല ഒരു സുഹൃത്തായിരുന്നു. വീട്ടിലെ മൂത്ത കുട്ടിയാണ് ജയകൃഷ്ണൻ. അവനെ കല്യാണം കഴിപ്പിക്കണം എന്നതായിരുന്നു അമ്മയുടെ വലിയ ആഗ്രഹം. എന്നാൽ എന്തുകൊണ്ടോ കല്യാണം കഴിച്ച് ഒതുങ്ങിക്കൂടാൻ ജയകൃഷ്ണൻ തയ്യാറായിരുന്നില്ല. പക്ഷേ അമ്മയ്‌ക്ക് എപ്പോഴും അവനോട് പറയാൻ ഉണ്ടായിരുന്നത് കല്യാണത്തെ പറ്റിയായിരുന്നു. അക്കാലത്ത് കേസുരേന്ദ്രനെ ശോഭാസുരേന്ദ്രനെയും എല്ലാം ഞാൻ യുവമോർച്ചയിലേക്ക് ക്ഷണിച്ചുകൊണ്ട് വന്നു. അത് നല്ലൊരു കാലമായിരുന്നു. യുവമോർച്ചയിൽ പ്രവർത്തിച്ചിരുന്ന കാലം ഞങ്ങളുടെ എല്ലാം ജീവിതത്തിലെ അവിസ്മരണീയമായ കാലമായിരുന്നു. നല്ല ബന്ധങ്ങൾ, നല്ല സൗഹൃദങ്ങൾ, നല്ല ഇഴയടുപ്പം. ക്യാമ്പസ് ലൈഫ് പോലെ രാഷ്‌ട്രീയ പ്രവർത്തനം കൊണ്ടുനടന്ന കാലഘട്ടം. അതിനിടയ്‌ക്കാണ് ജയകൃഷ്ണൻ മാസ്റ്ററെ നഷ്ടമാകുന്നത്”.
“ഞാൻ യുവമോർച്ചയുടെ സ്റ്റേറ്റ് പ്രസിഡന്റായിട്ട് ഇരിക്കുന്ന സമയത്താണ് ജയകൃഷ്ണൻ മാസ്റ്റർ കൊല്ലപ്പെടുന്നത്. അത് നമുക്ക് വലിയ തിരിച്ചടിയായിരുന്നു. നല്ല അടുപ്പമായിരുന്നു ഞങ്ങൾ തമ്മിൽ. അദ്ദേഹത്തിന്റെ മരണം വലിയ ഞെട്ടൽ ഉണ്ടാക്കി. പി ജയരാജൻ എതിരായ സംഭവം നടക്കുന്നു. അന്നേ നമുക്ക് പേടിയുണ്ടായിരുന്നു. ശ്രദ്ധിക്കണം എന്ന് ജയകൃഷ്ണനോട് ഞങ്ങൾ പറഞ്ഞതാണ്. ജയകൃഷ്ണനെതിരെ ഭീഷണി വരുന്നു, രണ്ടുമൂന്ന് സ്ഥലങ്ങളിൽ അദ്ദേഹത്തിനു നേരെ ആക്രമണം ഉണ്ടായി. ചെറിയ വ്യത്യാസത്തിനാണ് ജയകൃഷ്ണൻ രക്ഷപ്പെട്ടത്. അപ്പോൾ നമുക്ക് ഉറപ്പായിരുന്നു, ജയകൃഷ്ണനെ ലക്ഷ്യം വയ്‌ക്കുന്നു എന്ന്”.
“മുകുന്ദേട്ടന്റെ നിർദ്ദേശപ്രകാരം ജയകൃഷ്ണനെ മാറ്റാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ പാലക്കാട്ടേക്ക് അദ്ദേഹത്തെ പറഞ്ഞുവിടാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ജയകൃഷ്ണൻ സമ്മതിച്ചില്ല. കണ്ണൂരിൽ നിന്ന് മാറ്റിയാൽ ഞാൻ ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണെന്ന് ജയകൃഷ്ണൻ പറഞ്ഞു. ഞാൻ ഭയന്നുപോയി എന്ന് സിപിഎം പ്രചരിപ്പിക്കും. മരിക്കുന്നെങ്കിൽ ഞാൻ കണ്ണൂരിൽ കിടന്നു മരിച്ചു കൊള്ളാം. ഞാൻ ഒരുപാട് നിർബന്ധിച്ച് നോക്കി. പക്ഷേ അമ്പിനും വില്ലിനും അവൻ അടുക്കുന്നില്ല. പാർട്ടി നേതൃത്വത്തെ കൊണ്ട് പറയിച്ചെങ്കിലും കണ്ണൂർ വിട്ടു പോകില്ല എന്നതായിരുന്നു ജയകൃഷ്ണന്റെ നിലപാട്”.
“കണ്ണൂരിൽ തന്നെ ജയകൃഷ്ണൻ നിന്നു. എന്നാൽ കണ്ണൂർ ജില്ലയിലെ പരിപാടികളിൽ നിന്നും ജയകൃഷ്ണനെ ബോധപൂർവ്വം മാറ്റിനിർത്താൻ ഞാൻ ശ്രമിച്ചിരുന്നു. കൊല്ലപ്പെടുന്നതിന്റെ തലേദിവസം വയനാട് ജില്ലയിൽ പോകേണ്ട ആളായിരുന്നു ജയകൃഷ്ണൻ. പിന്നെയാണ് ഞാൻ അറിയുന്നത് അയാൾ പോയില്ല എന്ന്. എന്തുകൊണ്ടാണ് പോകാത്തത് എന്ന് ചോദിച്ചു ഞാൻ രാവിലെ ഫോൺ വിളിച്ചു. ‘ഞാൻ എല്ലാം വൈകുന്നേരം പറയാം. ഇപ്പോൾ സ്കൂളിൽ പോകാൻ ഇറങ്ങുകയാണ്’ എന്ന് ജയകൃഷ്ണൻ പറഞ്ഞു. ആ പോക്കിലാണ് മരണം”.
“ജയകൃഷ്ണന്റെ കൊലപാതകം വലിയ ഷോക്കായിരുന്നു. ഏറ്റവും അവസാനം സംസാരിച്ചത് എന്നോടും കൃഷ്ണദാസ് ചേട്ടനോടുമാണ്. ഒരു കത്ത് മേടിക്കാൻ കൃഷ്ണദാസ് ചേട്ടൻ ജയകൃഷ്ണൻ മാസ്റ്ററെ കാണാൻ പോയിരുന്നു. പക്ഷേ കാണാൻ കഴിഞ്ഞില്ല. സ്കൂളിൽ നിന്നും തിരിച്ച് ബിജെപി ഓഫീസിലേക്ക് കൃഷ്ണദാസ് ചേട്ടൻ എത്തിയപ്പോഴേക്കും ഈ സംഭവം നടന്നിരുന്നു. വീട്ടിൽനിന്ന് സംഭവം അറിഞ്ഞു ഞാൻ ഓടിയെത്തിയപ്പോഴേക്കും തലശ്ശേരി ഹോസ്പിറ്റലിൽ ബോഡി കൊണ്ടുവന്നിരുന്നു. ആ ശരീരം നമുക്ക് കാണാൻ പറ്റില്ല, അത്രയും ഭീകരമായിരുന്നു. ഇപ്പോഴും അത് മനസ്സിലുണ്ട്. കണ്ണ് ചൂഴ്ന്നെടുത്തിരുന്നു. ജയകൃഷ്ണൻ മാസ്റ്ററുടെ കയ്യിൽ ഒരു വിരൽ ഉണ്ടായിരുന്നില്ല, നാക്കിന്റെ പകുതി മുറിച്ചു കളഞ്ഞിരുന്നു. സിപിഎമ്മിന് എതിരെ സംസാരിക്കുന്ന നാക്ക്, സിപിഎമ്മിനെതിരെ ചൂണ്ടുന്ന വിരൽ. പിന്നീടാണ് അറിയുന്നത്, സർവ്വകക്ഷി യോഗത്തിൽ ഒരു സിപിഎം നേതാവിന്റെ മുഖത്ത് കൈ ചൂണ്ടി ജയകൃഷ്ണൻ മാസ്റ്റർ സംസാരിച്ചിരുന്നു. അവരുടെ നിർദ്ദേശപ്രകാരമാണ് കൈവിരൽ വെട്ടിയത്. ആ ഷോപ്പിൽ നിന്ന് ഞങ്ങൾ മുക്തരാകാൻ ദിവസങ്ങൾ എടുത്തു”.-എം.ടി രമേശ് പറഞ്ഞു.















