തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കൻ ബിരിയാണി സൽക്കാരത്തിൽ പ്രതികരണവുമായി കെ. പി ശശികല ടീച്ചര്‍. ക്ഷേത്ര മര്യാദകള്‍ അറിഞ്ഞുകൊണ്ട് ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഉത്തരാവാദികൾക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ശശികല ടീച്ചർ ചൂണ്ടിക്കാട്ടി.
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് നടന്നത് അത്യന്തം നിർഭാഗ്യകരമായ സംഭവമാണ്. ക്ഷേത്രത്തിലെ ജീവനക്കാർക്ക് ആചാര മര്യാദകൾ അറിയില്ലെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ കഴിയില്ല. ക്ഷേത്ര മര്യാദകൾ അറിഞ്ഞുകൊണ്ട് ലംഘിച്ചുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. വളരെ ഗുരുതരമായ കുറ്റമാണിത്. ഭഗവാന്റ ശരീരമായാണ് ക്ഷേത്രത്തെ കാണുന്നത്. ശ്രീകോവിൽ പോലെ ഓരോ ഭാഗവും പരിശുദ്ധമായി സൂക്ഷിക്കേണ്ടതാണ്. അങ്ങനെയുള്ളിടത്ത് ബിരിയാണി ട്രീറ്റ് നടത്തിയെന്ന പറഞ്ഞാൽ അംഗീകരിക്കാൻ സാധിക്കില്ല.
ജീവനക്കാർ മാംസം കഴിക്കുന്നത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. എന്നാൽ ക്ഷേത്രത്തിനകത്തേക്ക് ഇത് കൊണ്ടുവന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അവർക്ക് തരിമ്പു പോലും വിശ്വാസമില്ലെന്നും ആചാരങ്ങൾ ലംഘിക്കാൻ യാതൊരു മടിയില്ലെന്നും ഇതോടെ കൂടുതൽ വ്യക്തമായി. കേവലം ഒരു ശിക്ഷ നടപടികൾ ഇതിന് പരിഹാരമില്ല. ഭക്തർ മര്യാദകൾ പാലിക്കുന്നുണ്ടോയന്ന് ശ്രദ്ധിക്കേണ്ട ജീവനക്കാരാണ് ഇത് ചെയ്തത്. അവർ ഇതിനെ ഒരു തൊഴിലായാണ് കാണുന്നത്. ഉത്തരവാദികൾക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ശശികല ടീച്ചർ ചൂണ്ടിക്കാട്ടി.
ജൂലൈ ആറിനാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി സൽക്കാരം നടന്നത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലാണ് മാംസം വിളമ്പിയത്. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആഘോഷം നടന്നത്. വിവരം ദൃശ്യങ്ങൾ സഹിതം പുറത്ത് വന്നതിന് പിന്നാലെ വിശ്വാസികളും ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശ പ്രകാരം പരിഹാര ക്രിയകൾ നടത്തണമെന്നും എക്സിക്യൂട്ടിവ് ഓഫീസറെ മാറ്റണനെന്നും ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു.