ശ്രീനഗർ: കാർഗിൽ യുദ്ധത്തിന്റെ 25 ആം വിജയ വാർഷികത്തോടനുബന്ധിച്ച് ഡി 5 മോട്ടോർസൈക്കിൾ പര്യവേഷണം ഫ്ലാഗ് ഓഫ് ചെയ്ത് ഇന്ത്യൻ ആർമി. 31 സബ് – ഏരിയ ജി.ഒ.സി മേജർ ജനറൽ പി ബി എസ് ലംബയാണ് പര്യവേഷണം ഫ്ലാഗ് ഓഫ് ചെയ്തത്. പര്യവേഷണത്തിൽ ശ്രീനഗറിൽ നിന്ന് ദ്രാസ്സ് വരെ 140 കിലോമീറ്റർ ദൂരം ആർമി മോട്ടോർ സൈക്കിളിൽ സഞ്ചരിക്കും.

കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ ധീരതയെയും ത്യാഗത്തെയും അനുസ്മരിപ്പിക്കുകയാണ് പര്യവേഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ” ധ്രുവ കമാൻഡിലെ ഒരു സംഘം കാർഗിൽ വിജയ് ദിവസിന്റെ രജത് ജയന്തിയുടെ സ്മരണയ്‌ക്കായി ഉധംപൂരിൽ നിന്ന് കാർഗിൽ യുദ്ധ സ്മാരകത്തിലേക്കും തിരിച്ചും മോട്ടോർ സൈക്കിൾ പര്യവേഷണം നടത്തി. അഖ്‌നൂരിൽ എത്തിയപ്പോൾ GOC ക്രോസ്ഡ് സ്വാഡ് ഡിവിഷൻ മോട്ടോർ സൈക്കിൾ പര്യവേഷണ സംഘവുമായി സംവദിച്ചു” ആർമിയുടെ നോർത്തേൺ കമാൻഡ് എക്‌സിൽ കുറിച്ചു.

1999-ൽ ലഡാക്കിലെ വടക്കൻ കാർഗിൽ പർവതനിരകളിൽ നിന്ന് പാകിസ്താൻ സേനയെ അവരുടെ അധിനിവേശ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയതിന്റെ സ്മരണാർഥമായി ആണ് എല്ലാ വർഷവും ജൂലൈ 26 ന് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നത്. കാർഗിൽ വിജയ് ദിവസിന്റെ 25 ആം വാർഷികമാണ് ഈ വർഷം ആഘോഷിക്കുന്നത്.















