മുംബൈ : താൻ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം അനീതിയോട് സഹിഷ്ണുതയില്ലെന്ന് വ്യക്തമാക്കി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. മുംബൈയിലെ വോർളിയിൽ ബിഎംഡബ്ല്യൂ കാർ ഇടിച്ച് മത്സ്യ തൊഴിലാളിയായ സ്ത്രീ മരിച്ച സംഭവത്തിൽ ശിവസേനയ്‌ക്കെതിരെ വിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മഹാരാഷ്‌ട്രയിൽ ഹിറ്റ് ആൻഡ് റൺ സംഭവങ്ങൾ വർധിച്ചുവരുന്നതായി ആശങ്ക അറിയിച്ച മുഖ്യമന്ത്രി, ശക്തിയും സ്വാധീനവും ഉപയോഗിച്ച് തങ്ങളുടെ പദവി ദുരുപയോഗം ചെയ്യുന്നത് അസഹനീയമാണെന്നും അത്തരം നീതി നിഷേധങ്ങൾ തങ്ങളുടെ സർക്കാർ പൊറുക്കില്ലെന്നും പ്രതികരിച്ചു .
” എല്ലാവരുടെ ജീവനും ഞങ്ങൾക്ക് വിലപ്പെട്ടതാണ്. ഈ കേസുകൾ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യാനും നീതി ഉറപ്പാക്കാനും സംസ്‌ഥാന പൊലീസ് ഉദ്യോഗസ്‌ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. അക്രമികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനും കഠിനമായ ശിക്ഷ നടപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. സമ്പന്നരോ, സ്വാധീനമുള്ളവരോ, പാർട്ടി ബന്ധമുള്ള ഉദ്യോഗസ്‌ഥരുടെയോ മന്ത്രിമാരുടെയോ മക്കളോ ആരുമാകട്ടെ.. ഞാൻ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം അനീതിയോട് സഹിഷ്ണുതയുണ്ടാവില്ല”, ഷിൻഡെ എക്‌സിൽ കുറിച്ചു. തന്റെ ഭരണകൂടം എല്ലായ്പ്പോഴും ഇരകൾക്കും അവരുടെ കുടുംബത്തോടൊപ്പവും ഉറച്ചുനിൽക്കുമെന്നും എല്ലാ പൗരന്മാർക്കും നീതിയുറപ്പാക്കുന്ന സുരക്ഷിതമായ സംസ്‌ഥാനം സൃഷ്‌ടിക്കാൻ തന്റെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചയായിരുന്നു അപകടം നടന്നത്. സാസൂൺ ഡോക്കിൽ നിന്ന് മത്സ്യം വാങ്ങി തിരികെ പോകും വഴി ദമ്പതിമാരായ പ്രദീപ് നഖ്‌വയും കാവേരി നഖ്‌വയും സഞ്ചരിച്ച ബൈക്കിനെ അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യൂ കാർ, ഇടിക്കുകയായിരുന്നു. അപകടത്തിൽ നിസാര പരിക്കുകളോടെ പ്രദീപ് നഖ്‌വ രക്ഷപ്പെട്ടെങ്കിലും ഗുരുതരമായി പരിക്കേറ്റ ഭാര്യ സംഭവ സ്‌ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. ശിവസേന നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷായാണ് അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നതെന്നാണ് കണ്ടെത്തൽ.















