ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സൈനികരുടെ വാഹനത്തിനുനേരെ ഭീകരരുടെ ആക്രമണം. ബിലാവർ പ്രദേശത്തുവച്ചാണ് സൈനികരുടെ വാഹനത്തിനുനേരെ ഭീകരർ വെടിയുതിർത്തത്. കുന്നിൻ മുകളിൽ നിന്നാണ് ഭീകരർ വെടിയുതിർത്തതെന്നാണ് പ്രാഥമിക വിവരം. വാഹനത്തിനുനേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റതായാണ് വിവരം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണത്തിൽ ഇതുവരെ ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല. പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിച്ചു. ജമ്മു കശ്മീരിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ 11നും 12നും ദോഡ ജില്ലയിലെ രണ്ടിടങ്ങളിൽ ഭീകരാക്രമണമുണ്ടായി.
ജൂൺ 11ന് ഛത്തർഗല്ലയിലെ സംയുക്ത സൈനിക ചെക്ക് പോസ്റ്റിനുനേരെയുണ്ടായ തീവ്രവാദികളുടെ ആക്രമണത്തിൽ 6 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജൂൺ 12ന് ഗണ്ഡോ മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.