മുംബൈ: മുംബൈയിൽ ശക്തമായ മഴയെ തുടർന്ന് 50 വിമാനങ്ങൾ റദ്ദാക്കി. കഴിഞ്ഞ രണ്ട് ദിവസമായി മുംബൈ നഗരത്തിൽ പലയിടങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. നിരവധി ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. പുലർച്ചെ മുതൽ പെയ്ത മഴയിൽ നഗരത്തിന്റെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
മഴയെ തുടർന്ന് മുംബൈയിലെ എല്ലാ സർക്കാർ, പ്രൈവറ്റ് സ്കൂളുകളും അടച്ചു. വരും മണിക്കൂറുകളിൽ മുംബൈ, താനെ, പാൽഘർ എന്നിവിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിലെ റെയിൽവേ സ്റ്റേഷനുകളും റോഡുകളും വെള്ളത്തിനടിയിലാണ്. മണ്ണിടിച്ചിലുള്ള താനെയിലെ കസറ, ടിറ്റ് വാല റെയിൽവേ സ്റ്റേഷനുകളിലെ സർവീസുകൾ താത്കാലികമായി നിർത്തിവച്ചതായി റെയിൽവേ അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
താനെയിൽ വെള്ളം കയറിയ റിസോർട്ടിൽ നിന്ന് 49 പേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങൾ താമസിക്കുന്നവർ സ്ഥലത്ത് നിന്ന് മാറി സുരക്ഷിത സ്ഥലങ്ങളിലേക്ക് പോകണമെന്നും അധികൃതർ നിർദേശിച്ചു.