ശ്രീനഗർ: കശ്മീരിലെ കത്വ ജില്ലയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ആക്രമണത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റതായി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.
കത്വ നഗരത്തിൽ നിന്ന് 150 കിലോമീറ്റർ മാറി മൽഹാറിലെ ബദ്‌നോട്ട ഗ്രാമത്തിലാണ് സംഭവമുണ്ടായത്. പട്രോളിംഗ് നടത്തുന്നതിനിടെയാണ് സൈനികർക്ക് നേരെ ഭീകരാക്രമണമുണ്ടായത്. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
ഭീകരർ കുന്നിൻ മുകളിൽ നിന്നാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക വിവരം. വാഹന വ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞതായും വിവരമുണ്ട്. മേഖലയിൽ ഭീകരർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.