ഡെറാഡൂൺ: ബദ്രിനാഥിലെ 24-ാമത്തെ റാവലായി അമര്‍നാഥ് നമ്പൂതിരി ജൂലൈ 14 ന് ചുമതലയേല്‍ക്കും. ഇപ്പോഴത്തെ റാവലായ ഈശ്വർ പ്രസാദ് നമ്പൂതിരി ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ക്ഷേത്രം വിടുന്നത്. പുതിയ റാവലിന്റെ അഭിഷേകത്തിന്റെ മുന്നോടിയായുള്ള ചടങ്ങുകൾ ക്ഷേത്രത്തിൽ നടന്നു വരികയാണ്.
ജൂലൈ 13-ന് അമര്‍നാഥ് നമ്പൂതിരിയുടെ പ്രവേശനത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ‘ടിൽ-പത്ര’യോടെ പിന്തുടർച്ചാവകാശ ചടങ്ങുകൾ ആരംഭിക്കും. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന പൂജയിൽ പുതിയ റാവൽ ക്ഷേത്രപരിസരത്ത് ഔദ്യോഗികമായി പ്രവേശിക്കും. ജൂലൈ 14-ന് രാവിലെ ബദ്രിനാഥ് ക്ഷേത്രത്തിൽ ബാൽ-ഭോഗ് പൂജകൾ നടത്തി ദേവന് പ്രസാദം അർപ്പിക്കും. തുടർന്ന് ഈ പ്രസാദം കുട്ടികൾക്ക് വിതരണം ചെയ്യും. ഇപ്പോഴത്തെ റാവലായ ഈശ്വർ പ്രസാദ് നമ്പൂതിരിയാണ് ഈ ചടങ്ങുകൾ ചെയ്യേണ്ടത്. അവസാനമായി തന്റെ പിന്തുടർച്ചാവകാശിയായ അമർനാഥ് നമ്പൂതിരിയെ റാവലായി അഭിഷേകം ചെയ്തതിന് ശേഷം ഈശ്വർ പ്രസാദ് നമ്പൂതിരി ചുമതല ഒഴിയും.
ബദ്രിനാഥിലെ റാവലുകളെ തിരഞ്ഞെടുക്കേണ്ടത് കേരളത്തിലെ നമ്പൂതിരി സമുദായത്തിൽ നിന്നാണ്. ബദ്രിനാഥും കേദാർനാഥും പുനഃസ്ഥാപിച്ചതിന് ശേഷമാണ് അദ്ദേഹം ഈ പാരമ്പര്യം ആരംഭിച്ചത്. ശങ്കരാചാര്യരാണ് ഈ നിയമം ആരംഭിച്ചതെന്നും പറയുന്നു. ബദ്രിനാഥിലെ ആദ്യത്തെ റാവൽ ഗോപാൽ നമ്പൂതിരിയായിരുന്നു. 1776 മുതൽ 1785 വരെയാണ് ഇദ്ദേഹം റാവലായി പൂജകൾ ചെയ്തിരുന്നത്. ബദ്രിനാഥിനെ സ്പർശിക്കാനും പൂജകൾ ചെയ്യാനും റാവലുകൾക്ക് മാത്രമാണ് അവകാശമുള്ളത്. റാവലിനെ സഹായിക്കാൻ നൈബ് റാവലുകളും ക്ഷേത്രത്തിലുണ്ട്.
റാവൽ ആകുന്നതിന് മുമ്പ് നൈബ് റാവൽ ആകണം. അയാൾക്ക് ക്ഷേത്രത്തിലെ പൂജകളെയും പാരമ്പര്യങ്ങളെയും കുറിച്ച് പഠിക്കാൻ സാധിക്കും. റാവലായി തുടരുന്നതിന് പ്രത്യേക പ്രായപരിധിയില്ല. ജീവിതാവസാനം വരെയും റാവലായി തുടരാം. എന്നാൽ, റാവൽ കേരളത്തിൽ നിന്നുള്ള നമ്പൂതിരി ബ്രാഹ്മണനും ബ്രഹ്മചാരിയും ആയിരിക്കണം എന്നതാണ് പ്രധാനം.