ആർഷവിദ്യാസമാജത്തിന് 25 വയസ് പൂർത്തിയാകുന്നു. 1999 ജൂലൈ 8-ന് ആചാര്യശ്രീ കെ.ആർ മനോജ് രൂപീകരിച്ച ആദ്ധ്യാത്മിക -സാംസ്കാരിക – വിദ്യാഭ്യാസ – സേവനപ്രസ്ഥാനമാണ് ആർഷവിദ്യാസമാജം. സനാതനധർമ്മത്തിന്റെ പഞ്ചമഹാകർത്തവ്യങ്ങളായ അദ്ധ്യയനം, അനുഷ്ഠാനം, പ്രചാരണം, അദ്ധ്യാപനം, സംരക്ഷണം എന്നിവയുടെ ശാസ്ത്രീയവും വ്യവസ്ഥാപിതവും സംഘടിതവുമായ നിർവ്വഹണത്തിലൂടെ വിശ്വത്തെ ശ്രേഷ്ഠമാക്കുക എന്ന പരമലക്ഷ്യപൂർത്തിക്കായി പിറവിയെടുത്ത കൂട്ടായ്മയാണിത്.
അജ്ഞത, തെറ്റിദ്ധാരണകൾ, പ്രലോഭനങ്ങൾ, ചൂഷണങ്ങൾ, ചതി, ദുഃസ്വാധീനങ്ങൾ, ആറ് തരം ബ്രയിൻവാഷിംഗുകൾ എന്നിവയാൽ മാനവവിരുദ്ധാശയങ്ങളിലേയ്‌ക്ക് നടന്നു നീങ്ങിയ 8000-ൽ അധികം യുവതീയുവാക്കളെ ആശയസംവാദത്തിലൂടെ സനാതനധർമ്മത്തിലേക്ക് തിരികെയെത്തിച്ച ചരിത്രവും ആർഷവിദ്യാസമാജത്തിനുണ്ട്.
ഇത്തരത്തിൽ സനാതനധർമത്തിലേക്ക് തിരികെയെത്തിയ 25 പേർ ഇന്ന് ആർഷവിദ്യാസമാജത്തിന്റെ പൂർണ്ണസമയ പ്രവർത്തകരാണ്. സമഗ്ര വ്യക്തിത്വവികസനത്തിനും സാമാജിക പ്രശ്നങ്ങളുടെ സമൂല പരിഹാരത്തിനുമായി കൃത്യമായ ആസൂത്രണത്തോടെ പരിശ്രമിക്കുന്ന ആർഷവിദ്യാസമാജം നിരവധി സംഘടന – സ്ഥാപന – സംരംഭക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.















