ന്യൂഡൽഹി: ” സൈനികർ മരിക്കുന്നില്ല, പകരം അവർ ഓരോ ജനങ്ങളുടെയും ഹൃദയത്തിൽ അനശ്വരമായി ജീവിക്കുന്നു.” മകനോടുള്ള വാത്സല്യത്താൽ വാക്കുകൾ ഇടറിയെങ്കിലും മേജർ മുസ്തഫ ബൊഹാറ എന്ന സൈനികനെ ഓർത്ത് അമ്മ ഫാത്തിമ ബൊഹാറയുടെ കണ്ണിൽ അഭിമാനമായിരുന്നു. രാജ്യത്തിനായി വീരമൃത്യുവരിച്ച മേജർ മുസ്തഫ ബൊഹാറയ്ക്ക് മരണാനന്തര ബഹുമതിയായി ലഭിച്ച ശൗര്യചക്ര രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് മാതാവ് ഫാത്തിമയും പിതാവും ചേർന്ന് ഏറ്റുവാങ്ങി.
” രാജ്യസേവനമാകണം ആദ്യം എന്ന ലക്ഷ്യത്തോടെയായിരുന്നു മുസ്തഫ ജീവിച്ചിരുന്നത്. ഫോൺ വിളിക്കുമ്പോഴും കത്തുകളിലൂടെയും ഉയർന്ന ഉദ്യോഗസ്ഥർ നിരന്തരം നൽകുന്ന പ്രോത്സാഹനത്തിന്റെയും പ്രചോദനത്തിന്റെയും കാര്യങ്ങൾ അവൻ പങ്കുവയ്‌ക്കുമായിരുന്നു. മുസ്തഫയുടെ വിയോഗ വാർത്ത എനിക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി.
അവൻ മരണപ്പെടുന്നതിന് മുമ്പ് തന്നെ എനിക്കെന്തോ ഉൾവിളി വന്നിരുന്നു. രണ്ട് ദിവസം ഞാൻ ആഹാരം കഴിച്ചില്ല. ഒരുപാട് കരഞ്ഞു. പിന്നീട് ആ വാർത്ത എത്തി.. എന്നാൽ സൈനികർ ഒരിക്കലും മരിക്കുന്നില്ല. അവർ ഓരോ ഹൃദയങ്ങളിലൂടെയും മറ്റൊരു ജീവിതമാണ് ജീവിക്കാൻ പോകുന്നത്.”- ഫാത്തിമ ബൊഹാറ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ധീരതയും അസാമാന്യ വീര്യവും പ്രകടിപ്പിച്ച കരസേനയിലെയും അർദ്ധ സൈനിക സേനയിലെയും ഉദ്യോഗസ്ഥർക്ക് മരണാനന്തര ബഹുമതികൾ ഉൾപ്പെടെ 10 കീർത്തി ചക്രങ്ങൾ രാഷ്‌ട്രപതി ദ്രൗപദി മുർമു നൽകിയത്. ഇതിൽ ഏഴണ്ണം മരണാനന്തര ബഹുമതികളായിരുന്നു. 2022 ഒക്ടോബറിലായിരുന്നു മുസ്തഫ ബൊഹാറ വീരമൃത്യവരിച്ചത്. ആർമി എയർ ഓപ്പറേഷനിടെ തീപിടിച്ച ഹെലികോപ്റ്റർ ജനവാസമേഖലയിൽ വീഴാതെ മാറ്റി നിർത്തുന്നതിനിടെ വീരമൃത്യുവരിക്കുകയായിരുന്നു.















